മുഖ്യമന്ത്രിയുടെ പെരുമാറ്റം കവലചട്ടമ്പിയുടേത് ; നാളെ ഉന്നതവിദ്യാഭ്യാസ സംരക്ഷണ ദിനമായി ആചരിക്കും : കെഎം അഭിജിത്ത്


കോഴിക്കോട് : കണ്ണൂർ സർവകലാശാല വിസി പുനർനിയമന വിവാദത്തില്‍ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കെഎസ് യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത്.  പിണറായി വിജയന്‍റെ ഭരണത്തിന് കീഴിൽ കേരളത്തിലെ വിദ്യാഭ്യാസ മേഖല ഫ്യുഡൽ വ്യവസ്ഥയിലേക്ക് പോകുന്നു. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണർ തന്നെ മാറ്റണമെന്ന് ആവശ്യപ്പെടുന്നത് ഗൗരവതരമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങൾക്ക് ഇഷ്ടമുള്ളവരെ സർക്കാർ നിയമിക്കുന്നു. എല്ലാ നിയമങ്ങളും അട്ടിമറിച്ചു പുനർനിയമനം നടത്താൻ മന്ത്രി കത്ത് നൽകിയത് എന്ത് അടിസ്ഥാനത്തിൽ ആണ്? പാർട്ടിയുടെ പരമോന്നത റിപ്പബ്ലിക്കിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖലയെ ഗൂഢമായി കൊണ്ട് പോകുന്നു.  ഇത്രയും ആക്ഷേപങ്ങൾ ഉണ്ടായിട്ടും മുഖ്യമന്ത്രി കവല ചട്ടമ്പിയെ പോലെയാണ്  പെരുമാറുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് സ്ഥാനത്ത്  തുടരാൻ ധാർമിക അവകാശമില്ലെന്നും രാജിവെച്ചു പോകാൻ തയ്യാറാകണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

ഗവർണർ സമയാസമയത്ത് ഇടപെടാതെ വീഴ്ച സമ്മതിക്കുകയാണ് ഇപ്പോൾ ചെയ്തത്. നാളെ ക്യാമ്പസുകളിൽ കെഎസ് യു ഉന്നതവിദ്യാഭ്യാസ സംരക്ഷണ ദിനമായി ആചരിക്കും. ഇനിയെങ്കിലും സർവകലാശാലയെ സ്വാതന്ത്ര്യമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും നിയമപരമായും സംഘടനപരമായും വിഷയത്തെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Comments (0)
Add Comment