സി.പി.എമ്മിന്റെ കപട നാടകം വീണ്ടും; ‘കിത്താബ്’ പിന്‍വലിച്ചതിന് പിന്നില്‍ നേതാക്കളുടെ ഇരട്ടത്താപ്പ്

Monday, December 10, 2018

കോഴിക്കോട്: സംസ്ഥാന യുവജനോത്സവത്തില്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് ‘കിത്താബ്’ നാടകം പിന്‍വലിച്ചതിന് പിന്നില്‍ സി.പി.എം ഇടപെടലെന്ന് വ്യക്തമായി. പുറമെ പുരോഗമനം പ്രസംഗിക്കുകയും നാടകം അവതരിപ്പിക്കാന്‍ വേദി ഒരുക്കുമെന്ന് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴാണ് പാര്‍ട്ടിയുടെ ഇരട്ടത്താപ്പ്. ഒപ്പമുണ്ടെന്ന് പറഞ്ഞ ശേഷം സര്‍ക്കാറും വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയായിരുന്നു.

സി പി എം നേതാക്കളുടെ നിയന്ത്രണത്തിലുള്ള മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജ്‌മെന്റിന് മേലുള്ള പാര്‍ട്ടി സമ്മര്‍ദ്ദം നാടകത്തിന്റെ തുടരവതരണത്തിന് തിരിച്ചടിയായെന്ന് പ്രാദേശിക നേതാക്കള്‍ സമ്മതിച്ചു. കിത്താബിന്റെ വിവാദ പ്രമേയം എസ് ഡി പി ഐ ഉള്‍പ്പെടെയുള്ള ചില സംഘടനകളെ ചൊടിപ്പിച്ചിരുന്നു. പരസ്യമായി പ്രതിഷേധിച്ച സംഘടനകള്‍ സി പി എം ജില്ലാ നേതൃത്വത്തെയും പരാതി അറിയിച്ചു. പാര്‍ട്ടി സ്വാധീന മേഖലയില്‍ സംഘടനകളുടെ അപ്രീതി ഭയന്ന് ജില്ലാനേതൃത്വം സി പി എം നിയന്ത്രണത്തിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റിനോട് നാടകം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്ത് വന്നാലും സംസ്ഥാന തലത്തില്‍ നാടകം കളിക്കുമെന്ന് വീരവാദം മുഴക്കിയ സ്‌കൂള്‍ അധികൃതര്‍ ഇതോടെ പിന്നോട്ടടിച്ചു. നാടകം അരങ്ങ് കാണില്ലെന്ന് സ്‌കൂള്‍ അധികൃതരും പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ ചരടുവലികള്‍ അറിയാത്ത സ്‌കൂള്‍ കുട്ടികളാണ് വഞ്ചിതരായത്. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ 21 അംഗ കമ്മിറ്റിയാണ് മേമുണ്ട സ്‌കൂള്‍ നിയന്ത്രിക്കുന്നത്.

നാടകം അവതരിപ്പിക്കാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച കുട്ടികള്‍ക്ക് തിരിച്ചടിയായതും സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിലപാടാണ്. നാടകം അവതരിപ്പിക്കാന്‍ താത്പര്യമില്ലെന്ന മാനേജ്‌മെന്റ് നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

ഇതിനിടെയാണ് നാടകത്തിന് അരങ്ങൊരുക്കുമെന്ന എസ് എഫ് ഐയുടെയും ഡി വൈ എഫ് ഐയുടെയും പ്രഖ്യാപനം വന്നത്. നാടകത്തിന് അനുകൂലമായി പ്രഖ്യാപനം നടത്തിയ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവിനെ ജില്ലയിലെ പ്രമുഖ സി പി എം നേതാവ് വിളിച്ച് ശാസിച്ചതായും സംഘടനാവൃത്തങ്ങള്‍ വെളിപ്പെടുത്തി. സി പി എം എതിര്‍പ്പ് മറികടന്ന് ഇടത് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും പോഷക സംഘടനകള്‍ക്കും നാടകം അവതരിപ്പിക്കാന്‍ പറ്റുമോ എന്നതാണ് കാതലായ ചോദ്യം.