കിളികൊല്ലൂർ പോലീസ് മർദ്ദനം; സഹോദരങ്ങളെ വീട്ടിലെത്തി കണ്ട് പി.സി വിഷ്ണുനാഥ് എംഎല്‍എ | VIDEO

Jaihind Webdesk
Thursday, October 20, 2022

 

കൊല്ലം: കിളികൊല്ലൂരിൽ പോലീസ് മർദ്ദനത്തിനിരയായ സഹോദരങ്ങളെ വീട്ടിലെത്തി സന്ദർശിച്ച് പി.സി വിഷ്ണുനാഥ് എംഎൽഎ. കുറ്റക്കാരായ പോലീസുകാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് പി.സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.

കരിക്കോട് സ്വദേശിയായ സൈനികന്‍ വിഷ്ണുവിനെയും സഹോദരന്‍ വിഘ്‌നേഷിനെയുമാണ് പോലീസ് കള്ളക്കേസില്‍ കുടുക്കി അതിക്രൂരമായി മർദിച്ചത്. എംഡിഎംഎ കേസിലെ പ്രതിക്ക് ജാമ്യമെടുക്കാന്‍ വന്നവര്‍ പോലീസിനെ മര്‍ദിച്ചുവെന്നായിരുന്നു കേസ്‌. എന്നാൽ സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പോലീസ് കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. എംഡിഎംഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പേരൂർ സ്വദേശികളായ സഹോദരങ്ങളായ വിഷ്ണുവിനെയും വിഘ്നേഷിനെയും മർദിക്കുകയും കേസിൽ കുടുക്കുകയും ചെയ്തത്. ഓഗസ്റ്റ് 25നായിരുന്നു സംഭവം.

പൊലീസുകാരെ ആക്രമിച്ചുവെന്നു കാട്ടി കേസിൽ കുടുക്കിയതോടെ സൈനികനായ വിഷ്ണുവിന്‍റെ വിവാഹം മുടങ്ങുന്ന അവസ്ഥയിലാണ്. വിഘ്നേഷിന്‍റെ ജോലി പോകുകയും ചെയ്തു. വിഷ്ണു തിരികെ ജോലിയിൽ പ്രവേശിച്ചു. എസ്ഐ അനീഷ് ഉൾപ്പെടെ നാലുപേരെ സ്ഥലംമാറ്റിയെങ്കിലും ശക്തമായ നടപടി വേണമെന്നാണ് ആവശ്യം. മാധ്യമങ്ങൾക്കുമുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പരാതിക്കാരനായ വിഘ്നേഷ് പോലീസിന്‍റെ മർദനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

സ്റ്റേഷനിൽ തന്നെയുണ്ടായിരുന്ന മണികണ്ഠൻ എന്ന പൊലീസുകാരനാണ് വിഘ്നേഷിനെ വിളിച്ചുവരുത്തിയത്. അനന്തു എന്ന സുഹൃത്ത് കേസുമായി ബന്ധപ്പെട്ടു പിടിയിലായെന്നും ജാമ്യം കിട്ടുന്ന കേസാണെന്നും പറഞ്ഞാണ് വിളിച്ചത്. എന്നാൽ എംഡിഎംഎ കേസ് ആണെന്ന് സ്റ്റേഷനിൽ എത്തിയശേഷമാണ് പറയുന്നത്. പിഎസ്‌സി ലിസ്റ്റ് പ്രകാരം പോലീസിന്‍റെ റാങ്ക് പട്ടികയിൽ ഉള്ളയാളാണ് താനെന്നും കേസില്‍ ഇടപെടില്ലെന്നും അറിയിച്ച് വിഘ്നേഷ് പോകുകയായിരുന്നു. ജാമ്യത്തിൽ ഒപ്പിടില്ലെന്ന് പറഞ്ഞ് വിഘ്നേഷ് പുറത്തിറങ്ങിയതിന് പിന്നാലെയെത്തിയ പ്രകാശ് ചന്ദ്രൻ എന്ന പോലീസുകാരൻ വിഘ്നേഷിനോട് തട്ടിക്കയറി. വിഘ്നേഷിനെ അന്വേഷിച്ചെത്തിയ സഹോദരന്‍ വിഷ്ണു കാര്യം തിരക്കിയതോടെ പ്രകാശ് ചന്ദ്രന്‍ എന്ന പോലീസുകാരന്‍ വിഷ്ണുവിന്‍റെ ഷർട്ടിൽ പിടിച്ചുകൊണ്ട് സ്റ്റേഷന്‍റെ അകത്തേക്ക് കൊണ്ടുപോകുകയായിരുന്നു. വിഷ്ണുവിനെയും പിന്നാലെ എത്തിയ വിഘ്നേഷിനെയും പോലീസുകാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പ്രകാശ് ചന്ദ്രൻ എന്ന പൊലീസുകാരൻ മദ്യലഹരിയിൽ ആയിരുന്നെന്നാണ് യുവാക്കൾ ആരോപിക്കുന്നു. വെള്ളം ചോദിച്ച സഹോദരങ്ങളോടു മൂത്രം കുടിക്കാൻ പറഞ്ഞുവെന്നാണ് പരാതി. ഡോക്ടറെന്ന വ്യാജേനയെത്തിയ പൊലീസുകാരൻ നട്ടെല്ലിൽ ചവിട്ടി. ആരോപണവിധേയനായ സിഐക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്നും യുവാക്കൾ പറയുന്നു. സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയെന്ന കേസാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

https://www.youtube.com/watch?v=nzdoregUGcA