‘സ്വേച്ഛാധിപത്യ സർക്കാരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണം; വിശ്രമമില്ലാതെ പ്രവർത്തിക്കണം, വിജയിക്കണം’; തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ ആഹ്വാനം ചെയ്ത് ഖാര്‍ഗെ

Jaihind Webdesk
Sunday, September 17, 2023

ന്യൂഡല്‍ഹി: വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ സംസ്ഥാന ഘടകങ്ങളോട് നിർദ്ദേശിച്ച് എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. ഹൈദരാബാദിൽ നടക്കുന്ന കോൺഗ്രസിന്‍റെ വിശാല പ്രവർത്തക സമിതിയിലാണ് ഖാർഗെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്കിറങ്ങാൻ ആഹ്വാനം ചെയ്തത്. 2024-ൽ ബിജെപിയെ അധികാരത്തിൽ നിന്നിറക്കാൻ വിശ്രമമില്ലാതെ പണിയെടുക്കണം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും വിജയിക്കണമെന്നും ഖാർഗെ പറഞ്ഞു.

“ഇത് വിശ്രമത്തിനുള്ള സമയമല്ല. കഴിഞ്ഞ പത്തുവർഷമായുള്ള ബിജെപി ഭരണത്തിൻ കീഴിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ജനം നേരിടുന്നുണ്ട്. സ്ത്രീകള്‍, കർഷകർ, തൊഴിലാളികൾ, ദരിദ്രർ, യുവാക്കൾ എന്നിവരുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ല. സ്വേച്ഛാധിപത്യ സർക്കാരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ജനാധിപത്യം പുനഃസ്ഥാപിക്കണം’’– മല്ലികാർജുന്‍ ഖാർഗെ പറഞ്ഞു.

സംയമനം പാലിക്കണമെന്നും പാർട്ടിക്കു കളങ്കമുണ്ടാക്കുന്ന അഭിപ്രായ പ്രകടനങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ നടത്തുന്നത് ഒഴിവാക്കണമെന്നും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്കെതിരെ യോജിച്ച മുന്നേറ്റം വേണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രവർത്തക സമിതിയുടെ ആദ്യദിന ചർച്ചകൾ.പാർട്ടിയുടെ വിജയത്തിന് മുന്‍ഗണന നല്‍കണമെന്നും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. ഐക്യത്തോടെയും അച്ചടക്കത്തോടെയും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അല്‍പ്പസമയത്തിനകം വിജയഭേരി മഹാറാലിയും മഹാസമ്മേളനവും തെലങ്കാനയിൽ നടക്കും.