1.72 കോടിയില്‍ നില്‍ക്കില്ല, എത്രയോ ഇരട്ടി കൈപ്പറ്റി; വീണയുടെ ജിഎസ്ടി അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നാല്‍ കേരളം ഞെട്ടും: കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ

Jaihind Webdesk
Tuesday, August 22, 2023

തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ ടി. വീണയുടെ ജിഎസ്ടി അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നാല്‍ കേരളം ഞെട്ടുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. 1.72 കോടി രൂപയേക്കാൾ വലിയ തുകകൾ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍ ഇതിനകം കൈപ്പറ്റിയെന്നും  മാത്യു കുഴൽനാടൻ പറഞ്ഞു. വീണയുടെയും കമ്പനിയുടെയും അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടാനും മാത്യു കുഴൽനാടൻ വെല്ലുവിളിച്ചു. താനുയർത്തുന്ന ചോദ്യങ്ങൾക്ക് സിപിഎം മറുപടി നൽകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഒറ്റ കമ്പനിയിൽ നിന്നുള്ള ഒരു കണക്കു മാത്രമാണ് ഇപ്പോൾ പൊതുസമൂഹത്തിനു മുന്നിലുള്ളത്. എന്നാൽ ഇതിലും എത്രയോ വലിയ തുകകളാണ് വീണ കൈപ്പറ്റിയിരിക്കുന്നത്.  കഴിഞ്ഞ രണ്ടു ദിവസമായി വെല്ലുവിളിച്ചിട്ടും എന്തുകൊണ്ടാണ് സിപിഎം നേതൃത്വം വീണയുടെ അക്കൗണ്ടിന്‍റെ വിശദാംശങ്ങൾ പുറത്തുവിടാത്തത്? കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുകയാണ്. വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ മുഖ്യ സേവനമെന്നാണ് എക്സാലോജിക് അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ കരിമണൽ കമ്പനിക്ക് എന്തിനാണ് സ്കൂളുകൾക്കുള്ള സോഫ്റ്റ്‌വെയർ? വീണ ഏതൊക്കെ കമ്പനികളിൽനിന്ന് പണം വാങ്ങിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. എന്തൊക്കെ സേവനങ്ങൾക്കാണ് പണം വാങ്ങിയതെന്നും പറയണം. എന്തുകൊണ്ടാണ് വീണയും കമ്പനിയും ജിഎസ്ടി അക്കൗണ്ടുകൾ ക്ലോസ് ചെയ്തത്? വീണയുടെ ജിഎസ്ടി അക്കൗണ്ടിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നാൽ കേരളം ‍ഞെട്ടും’ – മാത്യു കുഴൽനാടൻ പറഞ്ഞു.

തന്‍റെ ആരോപണം തെറ്റാണെങ്കിൽ അത് തെറ്റാണെന്നു പറയണമെന്ന് കുഴൽനാടൻ ആവശ്യപ്പെട്ടു. 1.72 കോടി രൂപ മാത്രമാണ് വീണയ്ക്കു ലഭിച്ചതെന്ന് സിപിഎമ്മിന് പറയാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. വീണയുടെ ജിഎസ്ടി അക്കൗണ്ടിലേക്കു മാത്രം കരിമണൽ കമ്പനിയിൽനിന്ന് കോടികളാണ് എത്തിയത്.  വീണയുടെ അക്കൗണ്ട് വിവരങ്ങളും ഐജിഎസ്ടി വിശദാംശങ്ങളും പരിശോധിച്ചാൽ സത്യമറിയാനാകും. കേരളത്തിൽ നടക്കുന്നത് ആസൂത്രിതമായ കൊള്ളയും സ്ഥാപനവൽക്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് മാത്യു കുഴൽനാടൻ ആവർത്തിച്ചു. മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കൊള്ളകൾ അറിഞ്ഞാൽ കേരളം ഞെട്ടും. ഈ കൊള്ള ചർച്ച ചെയ്യാതെ വിഷയം വഴിതിരിച്ചു വിടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.