കൊച്ചി: കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ ഹൈക്കോടതി ഉത്തരവിട്ട റീ കൗണ്ടിംഗ് ഇന്ന് നടക്കും. രാവിലെ 9ന് പ്രിൻസിപ്പലിന്‍റെ ചേംബറിലാണ് റീ കൗണ്ടിംഗ് നടക്കുക. വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ധാരണയായത്. റീ കൗണ്ടിംഗ് പൂർണ്ണമായി ക്യാമറയിൽ ചിത്രീകരിക്കും. റിട്ടേണിംഗ് ഓഫീസറായ അധ്യാപകന്‍റെ നേതൃത്വത്തിലായിരിക്കും റീ കൗണ്ടിംഗ് നടക്കുക എന്ന് പ്രിൻസിപ്പലിന്‍റെ ചുമതല വഹിക്കുന്ന വി.എ. നാരായണൻ അറിയിച്ചു.
യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വോട്ടെണ്ണലിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെഎസ്‌യു സ്ഥാനാർത്ഥി എസ്. ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ചെയർമാൻ സ്ഥാനത്തേക്ക് ഒരു വോട്ടിന് താൻ ജയിച്ചിട്ടും കോളേജ് അധികൃതർ മാനദണ്ഡങ്ങള്‍ പാലിക്കാതെ റീ കൗണ്ടിംഗ് നടത്തി എസ്എഫ്‌ഐ സ്ഥാനാർത്ഥി കെ.എസ്. അനിരുദ്ധിനെ 10 വോട്ടിന് വിജയിയായി പ്രഖ്യാപിച്ചെന്നാണ് ശ്രീക്കുട്ടന്‍റെ പരാതി.