വ്യാജബിരുദ സർട്ടിഫിക്കറ്റില്‍ എസ്എഫ്ഐയുടെ വാദം പൊളിച്ച് കേരള സർവകലാശാല വിസി; എംഎസ്എം കോളേജിന് ഗുരുതര വീഴ്ച; നിഖില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാലയും

Jaihind Webdesk
Monday, June 19, 2023

 

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്എഫ്ഐ വാദങ്ങള്‍ പൊളിച്ച് കേരള സർവകലാശാല വിസി. എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വിഷയത്തില്‍  കായംകുളം എംഎസ്എം കോളജിന് ഗുരുതര വീഴ്ച പറ്റിയെന്നും വ്യാജ സർട്ടിഫിക്കറ്റ് ആണെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്നും കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വ്യക്തമാക്കി. അതേസമയം നിഖില്‍ എന്ന വിദ്യാർത്ഥി പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാലയും വ്യക്തമാക്കി.

കോളേജിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും എംഎസ്എം കോളേജ് പ്രിൻസിപ്പൽ സർവകലാശാലയിൽ എത്തി മറുപടി നൽകണമെന്നും കേരള സർവകലാശാല വൈസ് ചാന്‍സിലർ പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റ് ആണോ എന്നത് പരിശോധിക്കും. നിഖിൽ മൂന്നു വർഷവും കേരള സർവകലാശാലയിൽ പഠിച്ചെന്നും പാസായില്ലെന്നും കേരള സർവകലാശാല വിസി വ്യക്തമാക്കി.

“നിഖിൽ തോറ്റത് അധ്യാപകർക്ക് അറിയാമായിരുന്നു. പിന്നെ എങ്ങനെ പ്രവേശനം നൽകി. നിഖിലിന്‍റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കും. നിഖിൽ മൂന്നു വർഷവും കേരള സർവകലാശാലയിൽ പഠിച്ചു. പക്ഷേ, പാസായില്ല. ഹാജർ ഉള്ളതിനാലാണ് പരീക്ഷകൾ എഴുതിയത്. കേരളയിൽ 75% ഹാജരുള്ളയാൾ എങ്ങനെ കലിംഗയിൽ പോയി. റായ്പൂരിൽനിന്ന് കായംകുളത്തേക്ക് വിമാന സർവീസ് ഇല്ലല്ലോ. വ്യാജ സർട്ടിഫിക്കറ്റ് ആണെങ്കിൽ പോലീസിൽ പരാതി നൽകും. കലിംഗ അറിയാതെ നൽകിയതാണെങ്കിൽ യുജിസിയെ അറിയിക്കും’’– വൈസ് ചാൻസിലർ പറഞ്ഞു.

സര്‍വകലാശാല ചട്ടമനുസരിച്ച് ഒരേസമയം രണ്ടു സര്‍വകലാശാലകളില്‍ ഡിഗ്രി പഠനം സാധ്യമല്ല. പഠനം അവസാനിപ്പിച്ച വിദ്യാര്‍ത്ഥിക്ക് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുമാവില്ല. നിഖില്‍ യൂണിവേഴ്സിറ്റി യൂണിയന്‍റെ ജോയിന്‍റ് സെക്രട്ടറിയായിരുന്നത് 2018–19 കാലത്താണ്. കലിംഗ സർവകലാശാലയിൽനിന്ന് സമർപ്പിച്ച മാർക്‌ലിസ്റ്റും സർട്ടിഫിക്കറ്റും പരിശോധിക്കുമ്പോൾ നിഖിൽ കലിംഗ സർവകലാശാലയിൽ 2017 ജൂലൈ മുതൽ 2018 ജൂൺ വരെ ഒന്നാം വർഷവും 2018 ജൂലൈ മുതൽ 2019 ജൂൺ വരെ രണ്ടാം വർഷവും 2019 ജൂലൈ മുതൽ 2020 ജൂൺ വരെ മൂന്നാം വർഷവും പഠിച്ചിട്ടുണ്ട്. അതേസമയം നിഖില്‍ എന്ന വിദ്യാർത്ഥി കലിംഗയില്‍ പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സർവകലാശാല അധികൃതരും രംഗത്തെത്തി. ഇതോടെ എസ്എഫ്ഐയുടെ വാദങ്ങളെല്ലാം പൊളിയുകയാണ്. അഖിലിന്‍റെ സർട്ടിഫിക്കറ്റ് യഥാർത്ഥമാണെന്നാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.