കേരള സര്‍വകലാശാലയിൽ മോഡറേഷന് നൽകി മാര്‍ക്ക് തട്ടിപ്പ് നടത്തിയത് രണ്ട് ഡെപ്യൂട്ടി രജിസ്ട്രാര്‍മാരുടെ പാസ്വേഡുകള് ഉപയോഗിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മാര്‍ക്ക് രേഖപ്പെടുത്തുന്നതിനായി ഇവര്‍ പാസ്വേഡ് ജീവനക്കാര്‍ക്ക് നല്‍കിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. 12 പരീക്ഷകളില്‍ ക്രമക്കേട് നടന്നതായാണ് സ്ഥിരീകരണം. ഒരേ പരീക്ഷയിൽ
മാർക്ക് നിരവധി തവണ തിരുത്തിയതായും കണ്ടെത്തി.
ഡെപ്യൂട്ടി രജിസ്ട്രാര്‍ തസ്തികയിലുള്ള രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ കമ്പ്യൂട്ടറില്‍ മാര്‍ക്ക് രേഖപ്പെടുത്തുന്നതിനായി നല്കിയപാസ്വേഡുകളാണ് മാര്‍ക്ക് തട്ടിപ്പിനായി ഉപയോഗിച്ചിരിക്കുന്നത്. മാര്‍ക്ക് രേഖപ്പെടുത്തുന്നതിന് വേണ്ടി പരീക്ഷാ വിഭാഗത്തിലെ പല ജീവനക്കാര്‍ക്കും പാസ്വേഡുകള് കൈമാറിയിരുന്നു. രണ്ട് ഡെപ്യൂട്ടി രജിസ്ട്രാര്‍മാരില്‍ ഒരാള്‍ 2018ല്‍ സ്ഥലം മാറിപ്പോയെങ്കിലും അവരുടെ പാസ്വേഡ് മരവിപ്പിക്കാന്‍ ഐ.ടി സെല്‍ മുന്‍കൈ എടുത്തില്ല. പുതിയ ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്വേഡും ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. 2017 മുതല്‍ 2019 വരെ നിരന്തരം മോഡറേഷനില്‍ ക്രമക്കേട് നടന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരിക്കുന്നത്. പതിനാറ് പരീക്ഷകളില്‍ 12 ലും മോഡറേഷന് മാര്‍ക്കില്‍ കൃത്രിമം നടന്നതായി സര്‍വകലാശാല സ്ഥിരീകരിക്കുന്നു. കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ നടത്തിയ പരിശോധനയിലാണ് ഈ കാര്യം കണ്ടെത്തിയത്. ഒരേ പരീക്ഷയിൽ മാർക്ക് നിരവധി തവണ തിരുത്തിയതായും കണ്ടെത്തലുണ്ട്.
എത്ര വിദ്യാർത്ഥികളെയാണ് ഇത്തരത്തിൽ ജയിപ്പിച്ചത് എന്ന് വ്യക്തമല്ല. വിഷയത്തിന്റെ ഗൌരവം കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പുറമേ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്താന്‍ സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.