പനിയില്‍ വിറച്ച് കേരളം; ഒരു മരണം; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി

Jaihind Webdesk
Thursday, July 13, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് മലേറിയ ബാധിച്ച് മരണം. പാലക്കാട് കുറശക്കുളം സ്വദേശി റാഫി (43) ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
11885 പേർ പനി ബാധിച്ച് ചികിത്സ തേടി. 117 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു.

370 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. അതേസമയം ഇന്നലെ ഡെങ്കിപ്പനിയെത്തുടർന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചിരുന്നു. ചേർത്തല സ്വദേശി സാരംഗിയാണ് മരിച്ചത്. പനിയെത്തുടർന്ന് ചേർത്തല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി കൂടിയതിനെത്തുടർന്ന് ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതേസമയം ഡെങ്കിപ്പനിക്കും എലിപ്പനിക്കും എതിരെ കടുത്ത ജാഗ്രത പുലർത്തണം എന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ വരുന്ന ആഴ്ചകളിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ ഡ്രൈ ഡേ ആയി ആചരിക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശം നൽകി.