കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കേരളം; ട്രഷറി നിയന്ത്രണം കർശനമാക്കി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കേരളം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ട്രഷറി നിയന്ത്രണം ധനവകുപ്പ് കർശനമാക്കി. അത്യാവശ്യമില്ലാതെ ഒരു ബില്ലുകളും പാസാക്കരുതെന്ന് ധനവകുപ്പ് ട്രഷറികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്നാണ#് ഇതിനോടകം അറിയാൻ കഴിയുന്നത്. ഇതേതുടർന്നാണ് ചെലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ധനവകുപ്പ് നിർബന്ധിതരായത്.

അത്യാവശ്യമുള്ള 31 ഇനങ്ങൾ ഒഴികെ ഒരു പേയ്മെന്‍റും പാടില്ലെന്നും ധനവകുപ്പ് നിർദ്ദേശിച്ചു. ട്രഷറികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ പ്രധാന പദ്ധതി നിർവഹണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരുങ്ങലിലാകും.

ഒരു ദിവസം ഉപയോഗിക്കാവുന്ന പണത്തിനും നിയന്ത്രണമുണ്ട്. എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയത് മുതൽ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഇതുവരെ അഞ്ചു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് മാത്രമേ ധനവകുപ്പിന്‍റെ അനുമതി വേണ്ടിയിരുന്നുള്ളു. എന്നാൽ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായതോടെയാണ് ധനവകുപ്പിന്‍റെ പുതിയ നടപടി.

ഇതോടെ വിവിധ സർക്കാർ പദ്ധതികൾ തടസപ്പെടാനാണ് സാധ്യത. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്കും നിയന്ത്രണം ബാധകമായിരിക്കും. ഇനി ഒരു ഉത്തരവ് വരുന്നതുവരെ നിയന്ത്രണം തുടരുമെന്ന് ധനവകുപ്പ് അറിയിച്ചു. ദൈനംദിന പ്രവർത്തനങ്ങൾക്കുളള പണത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷത്തിന് താഴെയുള്ള ബില്ലുകൾക്ക് പോലും നിയന്ത്രണം ഏർപ്പെടുത്തിയത് സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് വ്യക്തമാക്കുന്നു.

നിലവിലെ സർക്കാരിന്‍റെ ദുർചെലവുകൾ ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം എത്രത്തോളം ഫലവത്താകുമെന്ന് കണ്ടുതന്നെ അറിയണം.

Comments (0)
Add Comment