ചട്ടങ്ങള്‍ പാലിച്ചില്ല, കേരള സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീം കോടതി റദ്ദാക്കി; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

Jaihind Webdesk
Friday, October 21, 2022

 

ന്യൂഡല്‍ഹി: എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസിന്‍റെ നിയമനം സുപ്രീം കോടതി റദ്ദാക്കി. യുജിസി ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമനം റദാക്കിയത് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ്.

2019 ഫെബ്രുവരി രണ്ടിനാണ് ഡോ. രാജശ്രീ എം.എസിനെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഈ നിയമനം യുജിസി ചട്ടങ്ങള്‍ പ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റിലെ (കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല) എന്‍ജിനീയറിംഗ് ഫാക്കല്‍റ്റി മുന്‍ ഡീന്‍ ഡോ. ശ്രീജിത്ത് പി.എസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്.

ഡോ.രാജശ്രീ എംഎസിന്‍റെ വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ചട്ടങ്ങളില്‍ മൂന്ന് ലംഘനം ഉണ്ടായെന്നാണ് ഹർജിക്കാരന്‍റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വൈസ് ചാന്‍സലര്‍ നിയമത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ രൂപീകരണം ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടായിരുന്നു എന്നതാണ് അതിലെ ആദ്യ ആരോപണം.

വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള പ്രമുഖ വ്യക്തികള്‍ അടങ്ങുന്നതായിരിക്കണം സെര്‍ച്ച് കമ്മിറ്റിയെന്നാണ് യുജിസി ചട്ടം. എന്നാല്‍ ചീഫ് സെക്രട്ടറിയെയാണ് സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാക്കിയത്. അദ്ദേഹം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തിയല്ലെന്ന് അഭിഭാഷകര്‍ വാദിച്ചിരുന്നു. യുജിസി ചെര്‍മാന്ഒറെ നോമിനിക്ക് പകരം എഐസിടിഇ നോമിനിയെയാണ് സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്നും ഹര്‍ജിക്കാരനായ അധ്യാപകന്‍ ശ്രീജിത്ത് പിഎസ് ആരോപിച്ചിരുന്നു. വിസി നിയമനത്തിന് പാനല്‍ നല്‍കണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ. എന്നാല്‍ ഈ വ്യവസ്ഥ ലംഘിച്ച് ഡോ. രാജശ്രീയുടെ പേര് മാത്രമാണ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് കൈമാറിയതെന്നും ഹര്‍ജിക്കാര്‍ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി.

2015 ലെ സാങ്കേതിക സര്‍വകലാശാല നിയമത്തിന്‍റെ പതിമൂന്നാം വകുപ്പ് പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചാണ് വിസി നിയമനം നടത്തിയതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെയും രാജശ്രീയുടെയും അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. എന്നാല്‍ 2013 ലെ യുജിസി ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ അധികാരമുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്‍റെയും രാജശ്രീയുടെയും അഭിഭാഷകരുടെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല.