പ്രളയം കഴിഞ്ഞ് 100 ദിവസം പിന്നിടുമ്പോഴും കരകയറാനാവാതെ കേരളം

Jaihind Webdesk
Friday, November 23, 2018

പ്രളയം കഴിഞ്ഞ് 100 ദിവസം പിന്നിടുമ്പോഴും കരകയറാനാവാതെ കേരളം. സർക്കാർ പ്രഖ്യാപിച്ച പദ്ധതികളും പാക്കേജും ഇപ്പോഴും അർഹരുടെ കൈകളിൽ എത്തിയിട്ടില്ല.

ഓഗസ്റ്റ് 16 നാണ് പ്രളയം കേരളത്തെ വിഴുങ്ങി തുടങ്ങിയത്. ഓരോ ദിവസം പിന്നിടുമ്പോഴും പ്രളയക്കെടുതി രൂക്ഷമായി കൊണ്ടിരുന്നു. കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാമുകൾ കൂടി തുറന്നതോടെ പല നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം , തൃശൂർ, വയനാട്. കോഴിക്കോട് ജില്ലകളെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്.

രക്ഷാപ്രവർത്തനങ്ങളിൽ അടക്കം പോലും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായി. ഒന്നും ഫലം കാണാതെ വന്നപ്പോൾ ജനങ്ങൾ തന്നെ രക്ഷാപ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങി. തങ്ങളുടെ ജീവൻ പോലും പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തിയവരായിരുന്നു മത്സ്യത്തൊഴിലാളികൾ. മുൻകരുതൽ നടപടികൾ മുതൽ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ വന്ന പാളിച്ചകൾ ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി, ലക്ഷകണക്കിന് പേർ ഭവനരഹിതരായി.

വ്യാവസായിക കാർഷിക മേഖലകളെ എല്ലാം പ്രളയം തകർത്തെറിഞ്ഞു. അതിജീവനത്തിന്‍റെ പാതയിൽ ജാതി ഭേദമെന്യേ ആളുകൾ ഒരുമിച്ചെങ്കിലും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പിടിപ്പ് കേട് പ്രളയത്തോളം പോന്ന തടസ്സമായി. പ്രളയാനന്തര പുനർനിർമ്മാണത്തിനായി കൈകോർക്കണമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് കേരളം കണ്ടത് വെറും രാഷ്ട്രീയ നാടകങ്ങൾ മാത്രമായിരുന്നു. ലക്ഷകണക്കിന് ആളുകൾ അതിജീവനത്തിനായി ഇപ്പോഴും പെടാപ്പാട്‌ പെടുകയാണ്. പ്രളയം ഉണ്ടായി 100 ദിനം പിന്നിടുന്ന ഈ ഘട്ടത്തിലെങ്കിലും ഒരു കൈത്താങ്ങ് ആവാൻ സർക്കാരിന് കഴിയേണ്ടതുണ്ട്.

https://www.youtube.com/watch?v=MHxrZGtZ0LM