ദുരന്ത മേഖലയിലെ പുനരധിവാസം: കേരളം കര്‍ണ്ണാടകത്തെ കണ്ട് പഠിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, September 13, 2018

തിരുവനന്തപുരം: കേരളത്തിലെ പ്രളയദുരന്തമേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒച്ചിന്റെ വേഗത്തില്‍ നീങ്ങുമ്പോള്‍ പ്രളയത്തില്‍പ്പെട്ട കര്‍ണ്ണാടകത്തിലെ കുടക് ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയത് കേരളം കണ്ടുപഠിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ത്യയിലെ തന്നെ വിവിധ കേന്ദ്ര ഏജന്‍സികളുടെ സഹായം ഉറപ്പാക്കിയാണ് പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി കര്‍ണ്ണാടക സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. എന്നാല്‍ കേരളമാകട്ടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന് തിരുമാനിക്കാന്‍ കെ പി എം ജിയെ പോലുള്ള വിദേശ ഏജന്‍സിയെ നിയോഗിച്ചിരിക്കുകയാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കാബിനറ്റ് പോലും കൂടാനാകാത്തവിധം മന്ത്രിമാരുടെ പടലപ്പിണക്കം അതിന്റെ ഉച്ചസ്ഥിതിയിലെത്തിനില്‍ക്കുകയാണ്.

നാഷണല്‍ ജിയോ ഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യുട്ട്, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗൈനസേഷന്‍, ഐ എസ് ആര്‍ ഓ, ഇന്ത്യന്‍ മിറ്റിരീയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, കൃഷി മന്ത്രാലയം, മൂന്ന് സേനാവിഭാഗങ്ങള്‍, ദേശീയ ദുരന്ത നിവാരണ സേന എന്നിവയെക്കൂടാതെ ഭവന നിര്‍മാണത്തിനായി രാജീവ് ഗാന്ധി റൂറല്‍ ഹൗസിംഗ് കോര്‍പ്പറേഷനുമാണ് കര്‍ണ്ണാടകയിലെ കുടകിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വീടു പുനര്‍ നിര്‍മാണത്തിന് പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. കാമ്പുകളില്‍ കഴിയുന്നവരെ കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മണ്ണിടിച്ചിലിനെക്കുറിച്ച് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും, ഭൂചലനങ്ങളെക്കുറിച്ച് നാഷണല്‍ ജിയോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ടും നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുനരധിവാസം, കൃഷി, നിര്‍മാണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

ദുരന്തമേഖലയിലെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ കര്‍ണ്ണാടകം യുദ്ധ കാലാടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമ്പോള്‍ കേരളത്തില്‍ ദുരന്ത മേഖലയിലെ റോഡിലെ കുഴി പോലും അടക്കാന്‍ കഴിയാതെ കേരള സര്‍ക്കാര്‍ അന്ധാളിച്ചു നില്‍ക്കുകയാണ്. സര്‍ക്കാര്‍ ഇനിയെങ്കിലും അടിയന്തരമായി ദുരന്ത മേഖലയിലെ റോഡ് നിര്‍മാണം ഉള്‍പ്പെടെയെുള്ള പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.