കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sunday, June 2, 2019

തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ തന്നെ കാലവര്‍ഷമെത്തുമെന്നും അതുവഴി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും, ചൊവ്വാഴ്ച ഇടുക്കി, വയനാട് ജില്ലകളിലും, ബുധനാഴ്ച മലപ്പുറം ജില്ലയിലുമാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. ഒന്‍പത് ജില്ലകളില്‍ കഴിഞ്ഞദിവസം ഗ്രീന്‍ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.

കാലാവസ്ഥ വകുപ്പിന്റെ പ്രവചനം പ്രകാരം ജൂണ്‍ ആറിനാണ് കാലവര്‍ഷം കേരളത്തിലെത്തുക. പക്ഷെ ജൂണില്‍ ശരാശരിയിലും താഴെ മഴ ലഭിക്കാനേ സാധ്യത ഉള്ളൂ. അതേസമയം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നല്ല മഴ ലഭിക്കുമെന്നും പ്രവചിച്ചിട്ടുണ്ട്. ജൂലൈയില്‍ ശരാശരി മഴ ലഭിക്കാനും സാധ്യത ഉള്ളതായി പറയുന്നു. കേരളം ഉള്‍പ്പെടുന്ന തെക്കേ ഇന്ത്യയില്‍ ഇത്തവണ കാലവര്‍ഷം സാധാരണ നിലയില്‍ ആയിരിക്കും. രാജ്യത്തും ഇത്തവണ സാദാരണ നിലയിലുള്ള കാലവര്‍ഷം ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം.

കേരളത്തില്‍ കാലവര്‍ഷത്തിന് അനുകൂലമായ മാറ്റങ്ങള്‍ അന്തരീക്ഷത്തില്‍ പ്രകടമായിട്ടുണ്ട്. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ എത്തിയതായാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. 96.8 മില്ലി മീറ്റര്‍ മഴയാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് സാധാരണ ലഭിക്കുക. ദീര്‍ഘകാല ശരാശരിയുടെ 96 മുതല്‍ 104 ശതമാനം വരെയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പസഫിക് സമുദ്രത്തിലെ താപനില കൂടുന്ന പ്രതിഭാസമായ എല്‍നിനോ മണ്‍സൂണ്‍ കാലത്തും ദുര്‍ബലമായി തുടരും. എന്നാല്‍, ഇത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെ ബാധിക്കില്ലെന്ന് മുമ്പ് വിലയിരുത്തിയതില്‍ ഉറച്ചുനില്‍ക്കുകയാണ് കാലാവസ്ഥാ വകുപ്പ്.

ഇതിനിടെ, ഇക്കുറി കേരളത്തില്‍ വേനല്‍മഴയില്‍ കുത്തനെ കുറവുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 55 ശതമാനത്തിന്റെ കുറവാണ് വേനല്‍ മഴയില്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെ 379.7 മില്ലിമീറ്റര്‍ മഴയായിരുന്നു കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത്തവണ ആകെ പെയ്തത് 170.7 മില്ലിമീറ്റര്‍ മാത്രം.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31 വരെയുള്ള ദിവസങ്ങളാണ് വേനല്‍ മഴക്കാലമായി കണക്കാക്കുന്നത്. വേനല്‍ മഴ ഏറ്റവും കുറവ് ലഭിച്ചത് കാസര്‍ഗോഡാണ്. 272.9 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ആകെ പെയ്തത് 64 മില്ലിമീറ്റര്‍ മാത്രം. ആലപ്പുഴയിലും സമാനമായ സ്ഥിതിയായിരുന്നു. 108.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ലഭിക്കേണ്ടത് 477.8 മില്ലിമീറ്ററും. ജില്ലകളില്‍ ശരാശരി ലഭിക്കേണ്ട മഴയില്‍ 77% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എല്ലാ ജില്ലകളിലും ശരാശരിക്ക് താഴെ ആണ് മഴ ലഭിച്ചത്. വയനാടാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ല. ഇവിടെ ശരാശരി ലഭിക്കേണ്ട മഴയുടെ ഒരുശതമാനം കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്.  കണ്ണൂര്‍ ജില്ലയില്‍ 76%, കോഴിക്കോട് 75% എന്നിങ്ങനെയാണ് മഴയുടെ അളവില്‍ കുറവുണ്ടായത്. കഴിഞ്ഞ വര്‍ഷം 37 ശതമാനം അധികമായിരുന്നു സംസ്ഥാനത്ത് പെയ്ത മഴയുടെ അളവ്.