കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

Jaihind News Bureau
Friday, February 27, 2026

 

കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പത്താം ബ്ലോക്കിലെ അനീഷ് ആണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന അനീഷിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അനീഷിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാന്‍ സോളാര്‍ വേലി ഉള്‍പ്പടെ സ്ഥാപിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. കാട്ടാന അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വനം വകുപ്പിനെതിരെ കടുത്ത പ്രതിഷേധമാണ് ആറളം മേഖലയിലുള്ളത്.