കുഴിവെട്ടിയാല്‍ അധ്യാപകപരിചയമായി കണക്കാക്കാനാകില്ല; പ്രിയ വര്‍ഗീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

Jaihind Webdesk
Wednesday, November 16, 2022

കൊച്ചി:  കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള യോഗ്യത സംബന്ധിച്ച് പ്രിയ വര്‍ഗ്ഗീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. എന്‍എസ്‌എസിന് പോയി കുഴിവെട്ടിയാല്‍ അത് അധ്യാപകപരിചയമായി കണക്കാക്കാനാകില്ല. അധ്യാപകപരിചയം എന്നാല്‍ അത് അധ്യാപനത്തില്‍ കൂടി തന്നെ ലഭിക്കേണ്ടതാണ്. അധ്യാപനം എന്നത് ഗൗരവമുള്ള ജോലിയാണെന്നും കോടതി പറഞ്ഞു.ഗവേഷണകാലത്തെ അധ്യാപനം കണക്കാക്കാനാവില്ലെന്ന് യുജിസിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രിയ വര്‍ഗീസിന്‍റെ  നിയമനം ചോദ്യം ചെയ്ത് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലെ രണ്ടാം റാങ്കുകാരനായ ഡോ. ജോസഫ് സ്കറിയ നല്‍കിയ പരാതിയില്‍ പരിഗണിക്കവേയാണ് യുജിസി ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.

ഡപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോ, സ്റ്റുഡന്‍റ്  ഡയറക്ടര്‍ ആയിരുന്ന കാലത്ത് പഠിപ്പിച്ചിരുന്നോ, പ്രവൃത്തി പരിചയരേഖ സ്ക്രൂട്ടിനി കമ്മിറ്റിയിൽ സമർപ്പിച്ചിരുന്നോ? തുടങ്ങിയ ചോദ്യങ്ങളും കോടതി ആരാഞ്ഞു.

പ്രിയാ വർഗീസിന്‍റെ  നിയമന വിഷയത്തിൽ എങ്ങനെയാണു സ്ക്രീനിങ് കമ്മിറ്റി യോഗ്യതാ രേഖകൾ വിലയിരുത്തിയതെന്നു കണ്ണൂർ സർവകലാശാലയോടു ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. അസോസിയേറ്റ് പ്രഫസർ നിയമനം കുട്ടിക്കളിയല്ലെന്നും കോടതി പറഞ്ഞു. രജിസ്ട്രാറുടെ സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.