ന്യൂനമര്‍ദ്ദം തീവ്രമാകുന്നതോടെ മഴ കനക്കും; ഈ ദിവസങ്ങളില്‍ കുടയെടുക്കണം

Jaihind Webdesk
Saturday, October 21, 2023

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍രൂപമെടുത്ത ന്യൂനമര്‍ദം തീവ്രമാകുന്നതോടെയാണ് മഴ കനക്കുക. അതേസമയം അറബിക്കടലിലെ ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി ഒമാന്‍–യെമന്‍ തീരത്തേക്ക് നീങ്ങും.രണ്ടുദിവസത്തിനകം തുലാവര്‍ഷം സംസ്ഥാനത്ത് എത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍ തുടക്കം ദുര്‍ബലമാകും. മഹാനവമി, വിജയദശമി ദിവസങ്ങളായ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംസ്ഥാനത്ത് കനത്ത മഴ പ്രതീക്ഷിക്കാം. മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും വ്യാപക മഴകിട്ടും. പത്തനംതിട്ട മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് ശക്തമായ മഴക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ബാംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ തീവ്രന്യൂനമര്‍ദമാകും. അറബികടലിലെ ന്യൂനമര്‍ദം തീവ്ര ചുഴലിക്കാറ്റായി ഒമാന്‍, യെമന്‍ തീരത്തേക്ക് നീങ്ങും എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ ഒന്നു മുല്‍ 20 വരെ 222.8 മില്ലീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇടുക്കിയിലും തൃശൂരും മഴ നന്നേ കുറവാണ്. അതേ സമയം തിരുവനന്തപുരം പത്തനംതിട്ട ജില്ലകളില്‍വളരെ കൂടുതല്‍മഴ ലഭിച്ചു.തിരുവനന്തപുരത്ത് 120 ശതമാനവും പത്തനംതിട്ടയില്‍ 65 ശതമാനവും കൂടുതല്‍ മഴയാണ് 20 ദിവസത്തില്‍ കിട്ടിയത് കൊല്ലം ആലപ്പുഴ ജില്ലകളിലും സാധാരണയെക്കാള്‍ കൂടുതല്‍ മഴ കിട്ടി. മറ്റ് ജില്ലകളില്‍ സാധാരണ നിലയിലാണ് മഴയുടെ തോത്.