സംസ്ഥാനത്ത് മധ്യവടക്കന്‍ ജില്ലകളില്‍ വ്യാപക മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Jaihind Webdesk
Wednesday, October 11, 2023

സംസ്ഥാനത്ത് മധ്യ, വടക്കന്‍ ജില്ലകളില്‍ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. തീരമേഖലകളിലും, കിഴക്കന്‍ മേഖലകളിലും മഴ കനത്തേക്കും. കര്‍ണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു.10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചക്ക് ശേഷം മലയോര മേഖലയില്‍ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ് മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉച്ചകഴിഞ്ഞു മലയോര മേഖലയിലേക്കുള്ള യാത്രകള്‍ നടത്തുന്നവര്‍ ശ്രദ്ധിക്കണം. ഉച്ചവരെ വെയിലോടു കൂടിയ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും പെട്ടെന്ന് തന്നെ അന്തരീക്ഷ സ്ഥിതി മാറി ശക്തമായ ഇടി മിന്നലോടു കൂടിയ പ്രാദേശികമായി ലഭിക്കുന്ന മഴയാണ് ഇനിയുള്ള ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. 14-ാം തീയതി വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.