കേരളത്തില്‍ കൊവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്നതിനിടെ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരിക്കുകയാണ്. എന്നാല്‍ ഈ ഘട്ടത്തില്‍ ഇളവുകള്‍ അനുവദിക്കുന്നത് സൂപ്പര്‍ സ്പ്രെഡിന് വഴിവെക്കുമെന്നും ആഘോഷങ്ങള്‍ കർശനമായി നിയന്ത്രിക്കണമെന്നുമുള്ള നിർദേശവുമായി കേന്ദ്രം രംഗത്തെത്തി. കേരളം നടപ്പാക്കിയ കൊവിഡ് നിയന്ത്രണ രീതി വിചാരിച്ച ഫലം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. നിലവിലെ സാഹചര്യത്തില്‍ ഓണം പോലെയുള്ള ആഘോഷങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്നത് വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
കൊവിഡ് ആശങ്ക ഒഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉത്സവകാലത്ത് ജനക്കൂട്ടം ഒഴിവാക്കണമെന്നും ഓണം, മുഹറം, ജന്മാഷ്ടമി തുടങ്ങിയവയക്ക് ഇളവുകള്‍ അനുവദിക്കരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പ്രാദേശിക നിയന്ത്രണം തുടരണമെന്നും ആഘോഷങ്ങള്‍ ‘സൂപ്പര്‍ സ്പ്രഡര്‍’ ആകാന്‍ സാധ്യതയുണ്ടെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജാഗ്രത കൈവിടരുതെന്ന് മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിർദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്. ഇരുപതിനായിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം. കേരളത്തില്‍ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഫലപ്രദമായിരുന്നില്ലെന്നാണ് സംസ്ഥാനത്ത് എത്തിയ കേന്ദ്ര സംഘം മനസിലാക്കിയത്. അതേസമയം സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരികയാണ്. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.