തല്‍ക്കാലം യുവതികളെ ശബരിമലയില്‍ കയറ്റില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ സര്‍ക്കാര്‍ സംരക്ഷണയില്‍ കയറ്റില്ലെന്ന് സര്‍ക്കാര്‍. വിധിയില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. മൗലികാവകാശങ്ങളുള്‍പ്പടെ വിശാല ബെഞ്ച് പരിഗണിക്കുന്നതിനാല്‍ കോടതിയലക്ഷ്യം ഉണ്ടായികില്ലെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.സര്‍ക്കാരിന്റെ താങ്ങിലും തണലിലും യുവതികളെ ശബരിമലയില്‍ കയറ്റില്ലെന്ന് നിയമ മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിധി പുനഃപരിശോധിക്കാനാണ് സുപ്രീം കോടതി തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിന് വിടാന്‍ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു. അതേസമയം നിലവിലെ വിധി സ്റ്റേ ചെയ്തിട്ടില്ല.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ രണ്ട് ജഡ്ജിമാര്‍ വിയോജിപ്പ് രേഖപ്പെടുത്തി. ജഡ്ജിമാരായ ഡി.വൈ ചന്ദ്രചൂഢും റോഹിന്റന്‍ നരിമാനും ആണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബര്‍ 28നു നല്‍കിയ വിധി പുനഃപരിശോധിക്കാനാണു തീരുമാനം. പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട 56 ഹര്‍ജികളിലും അനുബന്ധ ഹര്‍ജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിന് വാദം പൂര്‍ത്തിയായിരുന്നു. ഇതോടെ യുവതീപ്രവേശത്തിനായി ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ 2006 ല്‍ നല്‍കിയ ഹര്‍ജിയില്‍ ആദ്യം മുതല്‍ വീണ്ടും വാദം കേള്‍ക്കും.

ദേവസ്വം കമ്മിഷണറായിരുന്ന എസ് ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് നടത്തിയതിന്റെ ചിത്രം 1990 ഓഗസ്റ്റ് 19ന് പത്രങ്ങളില്‍ വന്നതോടെയാണ് യുവതീപ്രവേശം സംബന്ധിച്ച നിയമപോരാട്ടങ്ങള്‍ക്ക് തുടക്കമായത്. ഈ ചിത്രം ഉള്‍പ്പെടുത്തി ചങ്ങനാശേരി സ്വദേശി ഹൈക്കോടതിയില്‍ 1990 സെപ്റ്റംബറില്‍ നല്‍കിയ പരാതി റിട്ട് ഹര്‍ജിയായി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. തുടര്‍ന്ന് 1991 ഏപ്രില്‍ 5ന് ശബരിമലയിലെ യുവതീപ്രവേശം നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. 2006 ലാണ് യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ ശബരിമലയില്‍ യുവതീപ്രവേശം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Comments (0)
Add Comment