അങ്ങനെ ബിബിസിയിലും ഇടംപിടിച്ചു… അന്താരാഷ്ട്ര ശ്രദ്ധ നേടി ‘സ്വർണ്ണക്കടത്തിന്‍റെ കേരള മോഡല്‍’

 

അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇടംപിടിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസ്. ദേശീയ മാധ്യമങ്ങളെല്ലാം ആഘോഷമാക്കിയ വാർത്ത ഇപ്പോള്‍ ബി.ബി.സിയും ഏറ്റെടുത്തിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജിക്കായി ആവശ്യം ഉയർന്നിരിക്കുന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതായും ബി.ബി.സി റിപ്പോർട്ടില്‍ പറയുന്നു.

കേന്ദ്രസർക്കാർ ഇതിനോടകം കേസിന്‍റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. സി.ബി.ഐ ഉദ്യോഗസ്ഥർ കസ്റ്റംസ് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കേസ് എന്‍ഫോഴ്സ്മെന്‍റും അന്വേഷിക്കുമെന്ന വാർത്തകളുണ്ട്. ഡിപ്ലോമാറ്റിക്ക് ബാഗേജില്‍ ഒളിപ്പിച്ച് 30 കിലോയോളം സ്വർണ്ണമാണ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്. ഐ.ടി വകുപ്പിലെ ജീവനക്കാരി സ്വപ്നാ സുരേഷ് ആണ് സ്വർണ്ണക്കടത്തിന്‍റെ മുഖ്യ ആസൂത്രക. ഇവർക്ക് മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയായ ഐ.ടി വകുപ്പ് സെക്രട്ടറി എം ശിവശങ്കറുമായുള്ള അടുത്ത ബന്ധം പുറത്തായിരുന്നു. കേസില്‍ മറ്റ് സി.പി.എം നേതാക്കള്‍ക്കും പങ്കുള്ളതായാണ് വിവരം. കേരളത്തെ ഞെട്ടിച്ച സ്വർണ്ണക്കടത്തിന്‍റെ വിശദാംശങ്ങള്‍ ജയ്ഹിന്ദ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.

മുഖ്യമന്ത്രിയെയും ഓഫീസിനെയും പ്രതിസ്ഥാനത്ത് നിർത്തുന്ന തരത്തിലുള്ള വാർത്ത അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന് തന്നെ മാനക്കേടുണ്ടാക്കുന്നതായി. സർക്കാരിന്‍റെ പ്രതിച്ഛായ കൂട്ടാന്‍ പണിയെടുക്കുന്ന സൈബറിടങ്ങളും ഇപ്പോള്‍ നിശബ്ദമാണ്. നേരത്തെ കൊവിഡുമായി ബന്ധപ്പെട്ട ചർച്ചയില്‍ പങ്കെടുക്കാന്‍ ലഭിച്ച ക്ഷണത്തെ ആരോഗ്യമന്ത്രിക്ക് യു.എന്‍ ആദരമെന്ന രീതിയില്‍ വാർത്ത ചമച്ച് ആഘോഷിച്ച സൈബർ പോരാളികള്‍ സ്വർണ്ണക്കടത്തോടെ ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുകയാണ്.

Comments (0)
Add Comment