നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Jaihind Webdesk
Monday, July 18, 2022

കൊല്ലം: ആയൂരിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു.  സംസ്ഥാനം കേന്ദ്രത്തെ പരാതി അറിയിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അറിയിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

കൊല്ലം ആയൂർ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍‍ഡ് ടെക്നോളജിയില്‍ ദേശീയ മെഡിക്കല്‍ യുജി പ്രവേശന പരീക്ഷയായ നീറ്റ് എഴുതിയ വിദ്യാര്‍ത്ഥിനികളാണ് പരാതി ഉയർത്തിയത്. പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കവാടത്തിൽ വച്ച് വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തതായ ഗുരുതരമായ ആരോപണമാണ് കുട്ടികൾ ഉന്നയിക്കുന്നത്. അടിവസ്ത്രത്തില്‍ ലോഹവസ്തു ഉണ്ടെന്ന കാരണം പറഞ്ഞ് നിരവധി വിദ്യാര്‍ത്ഥിനികളെ മാനസികമായി പീഡിപ്പിക്കുകയും നിർബന്ധപൂർവ്വ അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തതായിട്ടാണ് പരാതി. ഇതിനെതിരെ ശൂരനാട് സ്വദേശിനിയായ വിദ്യാർത്ഥിനി കൊല്ലം റൂറൽ എസ്.പിക്ക് പരാതി നല്‍കി.

പരീക്ഷാ ചുമതലക്കാരയ ഉദ്യോഗസ്ഥരുടെ ഈ നടപടി തങ്ങളെ മാനസികമായി ഏറെ തളര്‍ത്തുകയും അപമാനിക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥിനികൾ പറഞ്ഞു. തങ്ങൾ നേരിട്ട ദുരനുഭവത്തിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥിനികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തില്‍ കൊല്ലം റൂറൽ എസ് പി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. കുട്ടികളെ മാനസിക സംഘർഷത്തിലാക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം അലയടിക്കുകയാണ്.