പ്രളയ ദുരിതാശ്വാസനിധി: പ്രത്യേക അക്കൗണ്ട് ആരംഭിക്കണമെന്ന് ഗവര്‍ണര്‍

Jaihind Webdesk
Sunday, September 2, 2018

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ സംഭാവനകൾ കൈകാര്യം ചെയ്യാൻ സർക്കാർ പ്രത്യേക പ്രളയ ദുരിതാശ്വാസ നിധി തുടങ്ങണമെന്ന് ഗവർണർ. തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ അക്കൗണ്ട് ആരംഭിക്കണം. പ്രത്യേക അക്കൗണ്ട് വേണമെന്ന ആവശ്യം പ്രതിപക്ഷനേതാവ് ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.

പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരമാണ് ഗവർണറുടെ ഉത്തരവ്. ദുരിതാശ്വാസത്തിന് പ്രത്യേക പ്രളയ ദുരിതാശ്വാസ നിധി തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിവേദനം നൽകിയിരുന്നു. അക്കൗണ്ട് രൂപീകരിക്കുന്നതുമൂലം പ്രളയ ദുരിതാശ്വാസത്തിന് മാത്രമായി എത്ര തുക സർക്കാരിന് ലഭിച്ചെന്നും അവ ഏതൊക്കെ മാർഗത്തിൽ ചെലവിട്ടെന്നും അറിയാനാകും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇപ്പോൾ എത്തുന്ന സംഭാവനകൾ ഇനം നോക്കാതെ ചികിത്സാ സഹായം അടക്കമുള്ള പലതരം ദുരിതാശ്വാസങ്ങൾക്കായി ചെലവിടുന്ന രീതിക്ക് ഇതോടെ മാറ്റമുണ്ടാകും. എസ്ബിഐ സിറ്റി ശാഖയിലെ സി.എം.ഡി.ആർ.എഫ് അക്കൗണ്ടിലാണ് ഇപ്പോൾ സംഭാവനകൾ അധികവും എത്തുന്നത്. മറ്റ് ബാങ്കുകളിലും സമാന അക്കൗണ്ടുകളുണ്ട്. എന്നാൽ പ്രളയത്തിനു മുൻപും ഈ അക്കൗണ്ടിലേക്കു സംഭാവനകൾ എത്തിയിരുന്നു.

ദുരിതാശ്വാസത്തിന് നൽകുന്ന പണം സർക്കാരിന്റെ താൽപര്യപ്രകാരം വേണ്ടപ്പെട്ടവരുടെ ‘ദുരിതമകറ്റാൻ’ നൽകുന്നുവെന്ന ആക്ഷേപം ശക്തമാണ്. പ്രളയദുരിതാശ്വാസത്തിനായി നൽകുന്ന പണം ഇത്തരത്തിൽ ചോരാതിരിക്കാൻ പ്രത്യേക അക്കൗണ്ട് വേണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിച്ചിരുന്നു. ഇത് കണക്കിലെടുത്താണു ധന സെക്രട്ടറിയുടെ പേരിൽ ട്രഷറിയിൽ പ്രത്യേക പലിശരഹിത സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാൻ നിർദേശിച്ച് ഇന്നലെ ധനവകുപ്പ് ഉത്തരവിറക്കിയത്. അക്കൗണ്ട് ധനസെക്രട്ടറിയുടെ പേരിലാണെങ്കിലും ചെലവിടാനുള്ള അവകാശം റവന്യൂ വകുപ്പിനാണ്.