പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി

Jaihind News Bureau
Tuesday, December 31, 2019

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. മതനിരപേക്ഷ കാഴ്ചപ്പാടിന് വിരുദ്ധമായ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദ്യാവലയിൽ വന്ന മാറ്റം ഭയപെടുത്തുന്നത് കൊണ്ട് സെൻസസ് നടപടികളിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ഭരണ പ്രതിപക്ഷം നിയമത്തെ എതിർക്കുന്നതെന്ന് പറഞ്ഞ ബിജെപി എംഎൽഎ ഒ രാജഗോപാൽ പ്രമേയത്തെ എതിർത്തു.

പ്രത്യേക വിഭാഗത്തെ ലക്ഷ്യം വച്ചുള്ള പൗരത്വ ഭേദഗതി നിയമം ആർ എസ് എസ് അജണ്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മതനിരപേക്ഷത തകർക്കുന്ന നിയമം റദ്ദാക്കണം, ഭരണഘടനയിൽ പറയുന്ന മൗലികാവകാശമായ സമത്വത്തിന്‍റെ ലംഘനമാണ് നിയമമെന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ട്

ഭൂരിപക്ഷം ഉപയോഗിച്ച് എന്തും ചെയ്യമെന്നാണ് കേന്ദ്ര സർക്കാർ വിചാരിക്കുന്നതെന്നും സുപ്രീം കോടതി സർക്കാർ വിഷയത്തിൽ കക്ഷി ചേരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമത്തെ പിന്തുണച്ച ഗവർണർക്കെതിരെയും കടുത്ത വിമർശനങ്ങൾ ചെന്നിത്തല ഉന്നയിച്ചു

ദേശീയ പതാകയുമായാണ് എന്‍റെ പിതാവിന്‍റെ അന്ത്യ യാത്ര നടത്തിയത്. ആ പിതാവിന്‍റെ രേഖയുണ്ടെങ്കിലേ എനിക്ക് പൗരത്വം തരൂ എന്നു പറഞ്ഞാൽ ആ രേഖ തരാൻ മനസ്സില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ പ്രതികരിച്ചു.

സഭയുടെ അന്തസ് ഉയർത്തിയ പ്രമേയമാണ് പാസാക്കിയതെന്ന് സ്പീക്കർ പറഞ്ഞു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൻമേലുള്ള ചർച്ചയിൽ 19 പേർ പങ്കെടുത്തു. അതേ സമയം ഒ.രാജഗോപാലിന്‍റെ അസാന്നിദ്ധ്യത്തിൽ ഏകകണ്ടേനയാണ് പ്രമേയം സഭ പാസാക്കിയത്.

https://youtu.be/tQ7K_ZdKDgQ