പ്രളയാനന്തരം: പിഴിയുന്ന പിരിവ്, വലഞ്ഞ് പൊതുജനം, വിരട്ടി വിറപ്പിച്ച് സി.പി.എമ്മും സർക്കാരും

Jaihind Webdesk
Sunday, September 16, 2018

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ ദുരിതപർവം താണ്ടാൻ സഹായിച്ചവരെ വീണ്ടും പിരിവെടുത്ത് പിഴിയാൻ സർക്കാരും സി.പി.എമ്മും രംഗത്ത്. നിർബന്ധിത പിരിവ് പാടില്ലെന്ന പൊതുതത്വം കാറ്റില്‍ പറത്തിയാണ് സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സാധാരണക്കാരിൽ നിന്നും വീണ്ടും പ്രളയാനന്തര സഹായത്തിന്റെ പേരിൽ പണം ആവശ്യപ്പെടുന്നത്. മിക്ക വകുപ്പുകളിലെ ജീവനക്കാർക്കും സർക്കാരിന്റെ ‘സാലറി ചലഞ്ചിനോട്’ കടുത്ത എതിർപ്പുണ്ടെങ്കിലും സ്ഥലംമാറ്റമടക്കമുള്ള പീഡനങ്ങൾ ഭയന്ന് പരസ്യമായി ഉന്നയിക്കാൻ തയാറായിട്ടില്ല. സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ഒരു മാസത്തെ ശമ്പളമടക്കമുള്ള നിർബന്ധിത പിരിവിന് പുറമേയാണ് പൊതുജനങ്ങളിൽ നിന്നും നിർബന്ധിത പിരിവ് ഉദ്യോഗസ്ഥർ നടത്തുന്നത്. ഇതേച്ചൊല്ലി പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് കഴിഞ്ഞ ദിവസം നിർബന്ധിത പിരിവ് നടത്തരുതെന്ന സർക്കുലർ ചീഫ് സെക്രട്ടറിക്കും ഇറക്കേണ്ടി വന്നത്. സാലറി ചലഞ്ചടക്കമുള്ള എല്ലാവിധ പിരിവുകളും ഊർജിതപ്പെടുത്താൻ സർക്കാരും സി.പി.എമ്മും കച്ചമുറുക്കിക്കഴിഞ്ഞു. എതിർപ്പ് പ്രകടിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികളുടെ ഭാഗമായുള്ള സ്ഥലംമാറ്റമടക്കമുള്ള പീഡനവും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സർവീസ് സംഘടനകളുടെ വിരട്ടുമാണ് നിലവിൽ സ്വീകരിക്കുന്ന തന്ത്രം.

പൊടിപൊടിക്കുന്ന പിരിവും കണക്കിലെ അവ്യക്തതയും

പ്രളയക്കെടുതിയുടെ പേരിൽ പിരിക്കുന്ന പണത്തിന്റെ കണക്ക് വെളിപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും ഇതെങ്ങനെയെന്നത് ഇപ്പോഴും അവ്യക്തമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ‘നവകേരള സൃഷ്ടിക്കായുള്ള’ സംഭാവനകൾ സ്വീകരിക്കുന്നത്. എന്നാൽ ഇതിനായി പ്രത്യേക അക്കൗണ്ട് വേണമെന്ന പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യത്തെ മുഖവിലയ്‌ക്കെടുക്കാൻ തയാറാകാത്ത സർക്കാരിന്റെ നടപടിയിലാണ് ദുരൂഹതയുള്ളത്. പുനരധിവാസ പ്രവർത്തനങ്ങൾക്കായി എത്തുന്ന തുക വഴിമാറ്റി ചെലവഴിക്കാനുള്ള സാധ്യതകൾ നിലനിൽക്കുമ്പോഴാണ് പ്രതിപക്ഷം ഉന്നയിച്ച ആവശ്യത്തിന്റെ പ്രസക്തി വർധിക്കുന്നത്. ഇതേ ആവശ്യത്തിനായി എത്ര തുക ആരൊക്കെ നൽകിയെന്ന് ഇതേവരെ ഔദ്യോഗിക കണക്കുകളൊന്നും തന്നെ സർക്കാർ പുറത്തു വിട്ടിട്ടില്ല. പ്രളയാനന്തര പുനരധിവാസത്തിനായി കോടികളാണ് സംഭാവനയുടെ രൂപത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയിട്ടുള്ളത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വ്യക്തികളും സംഘടനകളും പ്രവാസികളും പ്രവാസി സംഘടനകളും വിവിധയിടങ്ങളിൽ നിന്നും പണം സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച കണക്കുകൾ സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടാൽ മാത്രമാവും സംഭാവനകളുടെ ഏകദേശരൂപമെങ്കിലും മനസിലാക്കാൻ സാധിക്കുക.

ഉദ്യോഗസ്ഥരിലും പൊലീസിലും അതൃപ്തി പുകയുന്നു

സർക്കാരിന്റെ സാലറി ചലഞ്ചിനോട് ഉദ്യോഗസ്ഥരിലും പൊലീസിലും കടുത്ത അതൃപ്തിയാണ് ഉടലെടുത്തിട്ടുള്ളത്. സംസ്ഥാനത്തെ ജില്ലാ പൊലീസ് മേധാവിമാർ ഇതുസംബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക സർക്കുലർ നിർബന്ധിത പിരിവിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ഒരു വിഭാഗം പൊലീസുകാർ ആരോപിക്കുന്നു. ഒരുമാസത്തെ ശമ്പളം സംഭാവനായായി നൽകാൻ തയാറല്ലാത്തവർ നേരിട്ടെത്തി തന്നെ അറിയിക്കണമെന്ന് ചില ജില്ലാ പൊലീസ് മേധാവിമാർ ആവശ്യപ്പെടുമ്പോൾ തങ്ങൾക്ക് എഴുതി നൽകണമെന്ന് മറ്റ് ചിലരും ആവശ്യപ്പെടുന്നു. ഇതിനുപുറമേ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെ ചില വകുപ്പുകളും ശമ്പളം നൽകണമെന്ന് കാട്ടി പ്രത്യേക ഉത്തരവുകൾ പുറത്തിറക്കുകയാണ്. പിരിവ് നിർബന്ധിതമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്കടക്കമുള്ളവർ പറയുമ്പോഴും ഉദ്യോഗസ്ഥരെ വിരട്ടിയാണ് സംഭാവനകൾ സ്വീകരിക്കുന്നത്. സർക്കാരിന്റെ അച്ചടക്കനടപടികൾക്ക് പുറമേ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സർവീസ് സംഘടനകളും സർക്കാർ നിലപാടിനോട് അതൃപ്തി പ്രകടിപ്പിക്കുന്നവരെ തെരെഞ്ഞെുപിടിച്ച് വിരട്ടി വിറപ്പിക്കുകയാണ്.

കേരളത്തെ തകർക്കാൻ കേന്ദ്രവും

പ്രളയാനന്തര പുനരുദ്ധാരണത്തിന് ശ്രമിക്കുന്ന സംസ്ഥാനത്തെ പിന്നോട്ടടിക്കുന്ന നിലപാടുമായി കേന്ദ്രത്തിലെ മോദി സർക്കാരും രംഗത്തുണ്ട്. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് പ്രത്യേക പാക്കേജ് വേണമെന്ന ഭരണ-പ്രതിപക്ഷ ആവശ്യങ്ങളോട് ആദ്യം തന്നെ മുഖം തിരിച്ച കേന്ദ്ര സർക്കാർ അപര്യാപ്തമായ തുകയാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്. പ്രളയത്തിന് ശേഷം അനുവദിച്ച ഭക്ഷ്യധാന്യത്തിനടക്കം പണം വേണമെന്ന നിലപാടിലാണ് കേന്ദ്രമുള്ളത്. ഇതിനുപുറമേ രാജ്യത്തിന് പുറത്തു നിന്നും ലഭിക്കുന്ന സഹായങ്ങൾ പോലും വേണ്ടെന്ന നിലപാടിൽ ഉറച്ചു നൽക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. യു.എ.ഇ അടക്കമുള്ള വിദേശരാജ്യങ്ങളും യു.എന്നും സഹായ വാഗ്ദാനങ്ങൾ നൽകിയിട്ടും അത് സവീകരിക്കാൻ സംസ്ഥാനത്തിന് കേന്ദ്രം അനുവാദം നൽകിയില്ല. പ്രളയാനന്തരം കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാട് വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ ഭാഗമെന്ന പൊതുവിലയിരുത്തലാണുള്ളത്.

 

നിർബന്ധിത പിരിവിന്റെ ഭാരം ചുമന്ന് സാധാരണക്കാരും

പ്രളയദുരിതത്തിൽ നിന്ന് കേരളത്തെ കൈപിടിച്ച് നടത്തിയ സാധാരണക്കാരും നിർബന്ധിത പിരിവിന്റെ ഭാരത്തിൽ വിർപ്പുമുട്ടുകയാണ്. സാലറി ചലഞ്ചിന് പുറമേ പൊതുജനങ്ങളോട് ഏറ്റവും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റവന്യൂ, രജിസ്‌ട്രേഷൻ, പൊലീസ് സംവിധാനങ്ങളിൽ കൂടിയുള്ള പണപ്പിരിവും ഊർജിതമാക്കാനാണ് സി.പി.എമ്മിന്റേയും സർക്കാരിന്റേയും അപ്രഖ്യാപിത തീരുമാനം. ഇതിന്റെ ഭാഗമായി ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരെ പിഴിഞ്ഞ് പണമീടാക്കാൻ മേൽപ്പറഞ്ഞ വകുപ്പുകളിലെ ഉദ്യോഗസ്ഥർ നിർബന്ധതരാകുന്നുവെന്നതാണ് യാഥാർഥ്യം. പലയിടത്തും ഇത്തരം അനധികൃത പിരിവുകൾ നടക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. തഹസിൽദാർമാർക്കും ഡി.വൈ.എസ്പിമാർക്കും ടാർജറ്റ് നിശ്ചയിച്ച് നൽകിയുള്ള പിരിവാണ് ഊർജ്ജിതമായി നടക്കുന്നത്. ഇത്തരത്തിൽ പിരിച്ചെടുക്കുന്ന തുക മുഴുവനായും സർക്കാരിലേക്ക് എത്തുമോയെന്നുള്ള ആശങ്കയും അസ്ഥാനത്തല്ല. പ്രളയാനന്തര കേരളത്തെ നിർബന്ധിത പിരിവിന്റെ പറുദീസയാക്കാൻ നടത്തുന്ന നീക്കങ്ങൾ തിരിച്ചടി നൽകാൻ കോടതിയെ സമീപിക്കാൻ ചില ഉദ്യോഗസ്ഥരും ഒരുങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രിയുെട ദുരിതാശ്വാസ നിധിയിലേക്ക് പുനരധിവാസ പ്രവർത്തനങ്ങൾക്കായി ലഭിക്കുന്ന പണം പ്രത്യക അക്കൗണ്ടിലേക്ക് മാറ്റണമെന്ന ആവശ്യം മുൻനിർത്തി പ്രതിപക്ഷവും കോടതിയിലേക്ക് നീങ്ങാൻ തയാറെടുത്തു കഴിഞ്ഞു.