വെറുതെയൊരു ഭരണപരിഷ്‌കാര കമ്മീഷന്‍; ചെലവ് നാലര കോടി രൂപ; വി.എസിനുവേണ്ടിമാത്രം ഖജനാവിലെ പണം മുടിക്കാന്‍ ഒരു കമ്മീഷന്‍

Wednesday, January 30, 2019

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണ പരിഷ്‌കാര കമ്മീഷന്റെ ചെലവ് നാലര കോടി അമ്പത്തിയാറ് ലക്ഷത്തി ഒമ്പതിനായിരത്തി എണ്‍പത്തിയാറുരൂപയെന്ന് സര്‍ക്കാര്‍. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നിയമസഭയിലെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ശമ്പളമുള്‍പ്പെടെയുള്ള ചെലവിനാണ് ഇത്രയും തുക ചെലവിട്ടിരിക്കുന്നത്. ക്യാബിനറ്റ് റാങ്കുള്ളതിനാല്‍ മന്ത്രിമാരുടെതിന് സമാനമായ ശമ്പളവും ആനുകൂല്യങ്ങളുമാണ് വി.എസ്. അച്യുതാനന്ദന് നല്‍കുന്നത്. വിജിലന്‍സ് പരിഷ്‌കാരമുള്‍പ്പെടെ നാല് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ മറുപടിയില്‍ പറയുന്നു.

ഭരണ പരിഷ്‌കാര കമ്മീഷനില്‍ അഡീഷണല്‍ സെക്രട്ടറി അടക്കം പതിനേഴ് പേരാണ് സ്റ്റാഫ് ലിസ്റ്റിലുള്ളത്. ഈ 17 പേരില്‍ 14 പേരെ വിഎസിന്റെ പ്രവര്‍ത്തനത്തിന് മാത്രമായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരു പ്രൈവറ്റ് സെക്രട്ടറി, ഒരു അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, രണ്ട് പിഎ, ഒരു സ്റ്റെനോ, നാല് ക്ലര്‍ക്കുമാര്‍, രണ്ട് ഡ്രൈവര്‍, ഒരു പാചകക്കാരന്‍, രണ്ട് സുരക്ഷാ ജീവനക്കാര്‍ എന്നിവരാണ് വിഎസ്സിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കാനുള്ള സ്റ്റാഫുകള്‍. ഇതോടെ വി എസ് അച്യുതാനന്ദനെ ഇരുത്താന്‍ വേണ്ടിയുണ്ടാക്കിയ ഭരണപരിഷ്‌കാര കമ്മീഷന്റെ ആവശ്യകത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഭരണപരിഷ്‌കാര കമ്മീഷന്റെ നാല് നിര്‍ദ്ദേശങ്ങളില്‍ ഏതെങ്കിലും ഒന്നിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചിട്ടില്ലെന്നതാണ് വസ്തുത.