‘മുഖ്യമന്ത്രിയോടും മേയറോടും കേരളം ചോദിക്കുന്നു, എവിടെ ഞങ്ങളുടെ ജോലി?’; ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവെച്ച് നിയമനടപടി നേരിടണമെന്ന് കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Saturday, November 5, 2022

 

ജോലി വേണ്ട സഖാക്കളുടെ ലിസ്റ്റ് നല്‍കാന്‍ ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് നല്‍തിയ മേയർ ആര്യാ രാജേന്ദ്രന്‍റെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. സിപിഎമ്മിന്‍റെ ജില്ലാ കമ്മിറ്റി ഓഫീസില്‍ ലേലം വിളിച്ചെടുക്കേണ്ട ഒന്നല്ല ആയിരക്കണക്കിന് യുവാക്കളുടെ സ്വപ്നമായ സർക്കാർ ജോലി. മുന്‍ഗണനാ ലിസ്റ്റ് ലഭ്യമാക്കാന്‍ ആനാവൂർ നാഗപ്പന് പി.എസ്.സിയുടെ അധിക ചുമതലയില്ലെന്ന് അദ്ദേഹം പറഞ്ഞു. തെല്ലെങ്കിലും ആത്മാഭിമാനം അവശേഷിക്കുന്നുണ്ടെങ്കില്‍ ആര്യാ രാജേന്ദ്രന്‍ രാജിവെച്ച് നിയമനടപടി നേരിടണം.തൊഴിലില്ലായ്മക്കെതിരെ ഡല്‍ഹിയില്‍ ഡിവൈഎഫ്ഐ നടത്തിയ പാർലമെന്‍റ് മാർച്ചിൽ പങ്കെടുത്ത് മേയർ ആര്യാ രാജേന്ദ്രന്‍ “Where is my job?” എന്ന മുദ്രാവാക്യം മുഴക്കിയിരുന്നു. തിരുവനന്തപുരം മേയറോടും മുഖ്യമന്ത്രിയോടും കേരളം ഒരേ സ്വരത്തിൽ ചോദിക്കുന്നതും ‘എവിടെ ഞങ്ങളുടെ ജോലി’ എന്നാണെന്നും കെ.സി വേണുഗോപാല്‍ എംപി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കെ.സി വേണുഗോപാല്‍ എംപി ഫേസ്ബുക്ക് പോസ്റ്റ്

സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിൽ വിലവിവരപ്പട്ടികയെന്നോണം തൂക്കിയിട്ട് ലേലം വിളിച്ചെടുക്കേണ്ടുന്ന ഒന്നല്ല ആയിരക്കണക്കിന് യുവാക്കളുടെ സ്വപ്നമായ സർക്കാർ ജോലി. ഉദ്യോഗാർഥികളുടെ മുൻഗണനാ ലിസ്റ്റ് ലഭ്യമാക്കാൻ ആനാവൂർ നാഗപ്പൻ എന്ന സി.പി.എം ജില്ലാ സെക്രട്ടറിക്ക്‌ പി.എസ്.സിയുടെ അധിക ചുമതലയൊന്നും കൽപ്പിച്ച് നൽകിയതായി അറിവുമില്ല.
നാഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആക്ട് പ്രകാരം സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ വരുന്ന ഒഴിവുകൾ അതത് ജില്ലകളിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റിപ്പോർട്ട്‌ ചെയ്യണം. എന്നാൽ ഈ നടപടിക്രമങ്ങളൊന്നും പാലിക്കാതെ നിയമവിരുദ്ധമായി പാർട്ടിക്കാരെ തിരുകിക്കയറ്റുക എന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് തിരുവനന്തപുരം കോർപ്പറേഷന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനമാണ്. ആത്മാഭിമാനം തെല്ലും അവശേഷിക്കുന്നുണ്ടെങ്കിൽ മേയർ സ്ഥാനം രാജിവെച്ച് ആര്യാ രാജേന്ദ്രൻ നിയമനടപടികൾ സ്വീകരിക്കണം.
അടുത്ത കാലത്ത് ഇതേ കോർപറേഷൻ തന്നെ മാലിന്യസംസ്കരണം ഏകോപിപ്പിക്കാനെന്ന പേരിൽ 320-ലധികം പിൻവാതിൽ നിയമനങ്ങളാണ് നടത്തിയത്. ഈ നിയമനങ്ങളുടെ പേരിൽ മാസം 60 ലക്ഷം രൂപയാണ് കോർപ്പറേഷൻ ചിലവഴിക്കുന്നത്. ഇവ പുറത്തുവന്ന അനധികൃത നിയമനങ്ങളാണ്. സി.പി.എം ഓഫീസിൽ നിന്ന് ജില്ലാ സെക്രട്ടറിയുടെ വാറോലയിൽ എഴുതിത്തയ്യാറാക്കി കൊടുത്തുവിട്ട പേരുകളും തസ്തികകളും ഇനിയുമൊരുപാടുണ്ടാകും.
രണ്ടുദിവസം മുൻപ് ഡൽഹിയിൽ തൊഴിലില്ലായ്മക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ പാർലമെന്റ് മാർച്ചിൽ മേയർ ആര്യാ രാജേന്ദ്രനും പങ്കെടുത്തതായിക്കണ്ടു. “Where is my job?” എന്നായിരുന്നത്രെ മുദ്രാവാക്യം. തിരുവനന്തപുരം മേയറോടും മുഖ്യമന്ത്രിയോടും കേരളം ഒരേ സ്വരത്തിൽ ചോദിക്കുന്നതും അതുതന്നെയാണ്.
“Where is the job?”