ഇടതുപക്ഷത്തിന്‍റെ സൗമ്യ മുഖം; ഉള്ളുലയ്ക്കുന്ന മരണവാർത്തയെന്ന് കെ.സി. വേണുഗോപാല്‍ എംപി

Jaihind Webdesk
Friday, December 8, 2023

 

ന്യൂഡല്‍ഹി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി അനുശോചിച്ചു. ഏതൊരു പ്രതിസന്ധിയും അസാമാന്യമായ ഉള്‍ക്കരുത്തോടെ തരണം ചെയ്ത കാനം രാജേന്ദ്രന്‍ ഈ രോഗാവസ്ഥയേയും അതിജീവിച്ച് പൊതുജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഉള്ളുലയ്ക്കുന്ന ഈ മരണവാര്‍ത്ത ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിനതീതമായ വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചിരുന്ന നേതാവായിരുന്നു കാനം. രാഷ്ട്രീയമായി വിഭിന്ന ചേരിയിലായിരുന്നപ്പോഴും അദ്ദേഹവുമായി നല്ല സൗഹൃദ ബന്ധം എക്കാലവും കാത്തു സൂക്ഷിക്കുവാനായി. മികച്ച പാര്‍ലമെന്‍റേറിയന്‍ കൂടിയായ കാനം രാജേന്ദ്രന്‍റെ പൊതുജീവിതം തൊഴിലാളികള്‍ക്കായി ഉഴിഞ്ഞുവെച്ചതാണ്. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ പ്രവര്‍ത്തനം മുന്നോട്ടു പോകുമ്പോഴും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ വ്യക്തമായ അഭിപ്രായം തുറന്നു പറയാന്‍ മടികാട്ടാത്ത പ്രക്യതമായിരുന്നു കാനം രാജേന്ദ്രന്‍റെ പ്രത്യേകത.

2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തതു മുതല്‍ ശക്തമായ നേതൃപാടവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ പോലും പക്വതയോടുള്ള അദ്ദേഹത്തിന്‍റെ പെരുമാറ്റം പലപ്പോഴും താനടക്കമുള്ള രാഷ്ട്രീയ എതിരാളികളുടെ മനസില്‍ ആദരവ് ഉണ്ടാക്കിയിട്ടുണ്ട്. സിപിഐ നേതാവ് എന്നതിലുപരി കോട്ടയത്തിന്‍റെ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ എക്കാലവും നിറഞ്ഞുനിന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന്‍റെ സൗമ്യ മുഖം എന്നുതന്നെ എക്കാലവും കാനം രാജേന്ദ്രനെ വിശേഷിപ്പിക്കാം. ഇനിയും കേരളാ രാഷ്ട്രീയത്തിന് ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന സംശുദ്ധ രാഷ്ട്രീയത്തിന്‍റെ പ്രതീകമായിരുന്ന കാനം രാജേന്ദ്രന്‍റെ വിയോഗം കേരള രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണെന്നും കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു.