വനിതാമതില്‍: മുഖ്യമന്ത്രിക്കെതിരെ കെ.സി ജോസഫ് MLA അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി

Jaihind Webdesk
Friday, December 21, 2018

വനിതാമതില്‍ ഫണ്ട് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് നോട്ടീസ്. വനിതാമതിലിന് സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കില്ലെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഉറപ്പിന് വിരുദ്ധമായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.സി ജോസഫ് എം.എല്‍.എയാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.

ഹൈക്കോടതി നല്‍കിയ സത്യവാങ്മൂലത്തില്‍ വനിതാശിശുക്ഷേമ വകുപ്പ് മുഖേന സര്‍ക്കാരിന്‍റെ ധനസഹായത്തോടെയും സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തിലും നടത്തുന്ന പരിപാടിയാണ് വനിതാ മതില്‍ എന്നാണ് പറഞ്ഞിട്ടുള്ളത്. ഇത് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പിന് കടകവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.