അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടില്‍ ആശയക്കുഴപ്പം; പുതിയ നീക്കവുമായി ഇഡി

Jaihind Webdesk
Thursday, October 5, 2023

 

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണയിടപാടില്‍ പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ടിആര്‍ രാജനെ ഇഡി ചോദ്യം ചെയ്യും. കരുവന്നൂര്‍ കേസില്‍ അറസ്റ്റിലായ അരവിന്ദാക്ഷന് രണ്ട് അക്കൗണ്ടുകള്‍ ഈ ബാങ്കിലുണ്ടെന്ന് ഇഡി നേരത്തെ കണ്ടെത്തിയതിനാലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് ആശയകുഴപ്പം നിലനില്‍ക്കെയാണ് ഇഡിയുടെ നടപടി. അരവിന്ദാക്ഷന്റെ അമ്മയായ ചന്ദ്രമതിക്ക് പകരം മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ടിന്റെ വിവരങ്ങളാണ് ഇഡി കോടതിയില്‍ നല്‍കിയതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സ്വത്തുവിവരങ്ങള്‍ കൈമാറാന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എംകെ കണ്ണന്റെ പ്രതിനിധികള്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയിരുന്നു. എംകെ കണ്ണന്റെ സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാന്‍ നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നു. വിവരങ്ങള്‍ കൈമാറാന്‍ ഇഡി അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എംകെ കണ്ണന്‍ നേരിട്ടെത്താതെ പ്രതിനിധികള്‍ വഴി രേഖകള്‍ ഇഡിക്ക് കൈമാറിയത്.