കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്

Jaihind Webdesk
Tuesday, April 23, 2024

 

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന് വീണ്ടും ഇഡിയുടെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്തുമണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിലെത്താനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

എം.എം. വർഗീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനു ഹാജരായില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലായതിനാൽ അസൗകര്യം അറിയിച്ചാണ് ഇന്നലെ വിട്ടുനിന്നത്.  26 ന് ശേഷം ഹാജരാകാമെന്ന് വര്‍ഗീസ് അറിയിച്ചെങ്കിലും ഇത് തള്ളിയാണ് ഇഡി വീണ്ടും നോട്ടീസ് നല്‍കിയത്. സിപിഎമ്മിന്‍റെ ഏരിയ കമ്മിറ്റികൾ അടക്കം വിവിധ കമ്മറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാനും ഇഡി നിർദേശം നൽകിയിട്ടുണ്ട്.

കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി വായ്പകൾ വഴി തട്ടിയെടുത്ത പണത്തിന്‍റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. കരുവന്നൂർ ബാങ്കിൽ മാത്രം സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി പറയുന്നു. രഹസ്യ അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറിയായ എം.എം. വർഗീസിന്‍റെ അറിവോടെയാണെന്നും ഇഡി ആരോപിച്ചിരുന്നു.