തൃശൂർ: കരുവന്നൂർ ബാങ്കിലെ കോടികളുടെ കള്ളപ്പണമിടപാട് കേസിൽ സിപിഎമ്മിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. തൃശൂർ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ വിവിധ പാർട്ടി ഘടകങ്ങളുടെ എട്ട് അക്കൗണ്ടുകള്‍ കണ്ടുകെട്ടി. പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് നിർമ്മിക്കാന്‍ വാങ്ങിയ ഭൂമിയും കണ്ടുകെട്ടി. സിപിഎമ്മില്‍ നിന്ന് 73 ലക്ഷത്തിന്‍റെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതിനുപുറമെ കരുവന്നൂരില്‍ നിന്ന് അനധികൃതമായി ലോണ്‍ സമ്പാദിച്ച ഒമ്പതു വ്യക്തികളുടെ സ്വത്തുക്കളും കണ്ടുകെട്ടി. ആകെ 29.29 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കേസില്‍ സിപിഎമ്മിനെയും ഇഡി പ്രതി ചേർത്തു.
തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന്‍റെ സ്വത്തുക്കളും ഇഡി ഉദ്യോഗസ്ഥർ കണ്ടുകെട്ടിയതിലുണ്ട്. തൃശൂരിലെ സിപിഎമ്മിന്‍റെ ഓഫീസ് എം.എം. വർഗീസിന്‍റെ പേരിലാണ്. ഈ സ്ഥലവും ഇഡി കണ്ടുകെട്ടി. ഇതിൽ എം.എം. വർഗീസിന്‍റെ സ്വത്തുക്കളും ഉൾപ്പെട്ടിട്ടുണ്ട്. ബാങ്ക് അക്കൗണ്ടും കണ്ടുകെട്ടി. പാർലമെന്‍റ് തിരഞ്ഞെടുപ്പിന് മുമ്പ് കള്ളപ്പണമിടപാട് കേസിൽ നിരവധി തവണ കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തി എം.എം. വർഗീസിനെ ചോദ്യം ചെയ്തിരുന്നു. അനധികൃതമായി പലർക്കും ലോണനുവദിച്ചത് ചട്ടങ്ങൾ മറികടന്നാണെന്ന് ഇഡി കണ്ടെത്തിയിരുന്നു.