കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: 67 ശതമാനം പോളിംഗ്

Jaihind Webdesk
Sunday, November 4, 2018

കർണാടകത്തിലെ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പൂർത്തിയായപ്പോള്‍ 67 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രണ്ടിടത്ത് വോട്ടിംഗ് യന്ത്രത്തിൽ തകരാറുണ്ടായത് പോളിംഗ് അൽപനേരത്തേക്ക് തടസപ്പെടുത്തി.

6,450 പോളിംഗ് സ്‌റ്റേഷനുകളിൽ രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറുമണിയോടെയാണ് പൂർത്തിയായത്. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യവും ബി.ജെ.പിയും തമ്മിലാണ് എല്ലായിടത്തും മത്സരം. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമി മത്സരിക്കുന്ന രാമനഗര നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി എൽ ചന്ദ്രശേഖർ മത്സരത്തിൽ നിന്ന് പിൻമാറുകയും തെരെഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിലേക്ക് എത്തിച്ചേർന്നതും ബി.ജെ.പിയെ ഞെട്ടിച്ചിരുന്നു. ഇവിടെ ബിജെപിയുടെ ഏജന്‍റുമാരെ ബൂത്തുകൾക്ക് അകത്തേക്ക് പ്രവേശിപ്പിച്ചില്ല. 73.71ശതമാനം പോളിംഗ് രേഖപ്പെടുത്തിയ ഇവിടെ ജെ.ഡി.എസിന് വലിയ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്.

ജാംഘണ്ഡി നിയമസഭാ മണ്ഡലത്തിൽ മുൻ കോൺഗ്രസ് എം.എൽ.എ സിദ്ധു ന്യാമഗൗഡയുടെ മകൻ ആനന്ദ് ന്യാമഗൗഡയാണ് കോൺഗ്രസിന് വേണ്ടി മാറ്റുരയ്ക്കുന്നത്. ഇവിടെ ശ്രീകാന്ത് കുൽക്കർണിയാണ് ബി.ജെ.പിക്ക് വേണ്ടി രംഗത്തുള്ളത്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയ ഇവിടെ 81.58 ശതമാനം പേർ വോട്ടു ചെയ്തു.

ലോക്‌സഭാ മണ്ഡലമായ ശിവമോഗയിൽ മുൻ മുഖ്യമന്ത്രി എസ് ബംഗാരാപ്പയുടെ മകൻ മധു ബംഗാരപ്പയ്‌ക്കെതിരെ ബി.ജെ.പി നേതാവ് ബി.എസ് യദ്യൂരപ്പയുടെ മകൻ ബി.വൈ രാഘവേന്ദ്രയാണ് മത്സരിക്കുന്നത്. 61.05 ശതമാനം പേരാണ് ഇവിടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

മറ്റ് ലോക്‌സഭാ മണ്ഡലങ്ങളെ അപേക്ഷിച്ച് 53.93ശതമാനം പോളിംഗ് രേഖപ്പെടുത്തിയ മാണ്ഡ്യയിൽ ജെ.ഡി.എസിന്‍റെ ശിവരാമ ഗൗഡയും, 63.85 ശതമാനം പേർ വോട്ടു രേഖപ്പെടുത്തിയ ബെല്ലാരിയിൽ കോൺഗ്രസിന്‍റെ വി.എസ് ഉഗ്രപ്പയുമാണ് മത്സരരംഗത്തുള്ളത്.

ബെല്ലാരി ഉപതെരഞ്ഞെടുപ്പിനിടെ ഹരഗിനിദോനി ഗ്രാമത്തിലെ ശുദ്ധജല വിതരണം കാര്യക്ഷമമല്ലെന്ന പരാതി ഉന്നയിച്ച് വനിതാ വോട്ടർമാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ജമാഖണ്ഡി മണ്ഡലത്തിലെ 50-ാം ബൂത്തിലും മാണ്ഡ്യ, നാഗമണ്ഡലയിലെ 90-ാം ബൂത്തിലും വോട്ടിംഗ് യന്ത്രത്തിൽ തകരാർ ഉണ്ടായതിനെ തുടർന്ന് പോളിംഗ് അൽപ നേരത്തേക്കു തടസസപ്പെട്ടു. നവംബർ ആറിനാണ് എല്ലായിടത്തും വോട്ടെണ്ണൽ.