കണ്ണൂർ എയർപോർട്ടിന് ‌ ‘പോയിന്‍റ് ഓഫ് കോൾ’ പദവി നല്‍കണം : കെ സുധാകരൻ എം.പി ലോക്സഭയിൽ

Jaihind News Bureau
Thursday, November 28, 2019

K.Sudhakaran

വിദേശ വിമാന കമ്പനികളുടെ സർവീസുകൾ ആരംഭിക്കാനുള്ള പോയിന്‍റ് ഓഫ് കോൾ പദവി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് നൽകാണമെന്ന് കെ സുധാകരൻ എം.പിറൂൾ 377 പ്രകാരം ലോക്സഭയിൽ ഉന്നയിച്ചു. വിമാനത്താവളം ഗ്രാമീണമേഖലയിൽ സ്ഥിതിചെയ്യുന്നത് കൊണ്ട് കണ്ണൂർ എയർപോർട്ടിന് ‌ പോയിന്‍റ് ഓഫ് കോൾ പദവി നല്‍കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി കഴിഞ്ഞ ദിവസം ലോക്സഭയിൽ കെ സുധാകരൻ എം.പിയുടെ ചോദ്യത്തിന് മറുപടി നൽകിയിരുന്നു.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിദേശ വിമാന കമ്പനികൾക്ക് പ്രവർത്തനാനുമതി നല്‍കുന്നതിന് പലതവണയായി സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രിയുമായി വിഷയം ചർച്ച ചെയ്തപ്പോൾ വിദേശ വിമാനങ്ങൾക്ക് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാനുള്ള അനുമതി, പോയിന്‍റ് ഓഫ് കോൾ പദവി നല്‍കുന്നതിന് അനുകൂല നിലപാട് സ്വീകരിച്ച മന്ത്രി ലോകസഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ അനുകൂല സമീപനം സ്വീകരിച്ചിരുന്നില്ല.

വളരെയധികം വിദേശ ഇന്ത്യൻ കുടുംബങ്ങൾ താമസിക്കുന്ന നോർത്ത് മലബാർ മേഖലയിലെ കണ്ണൂർ രാജ്യാന്തര വിമാനത്താവളം വിമാനയാത്രക്കാരുടെ പ്രധാന കേന്ദ്രമാണ്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് നേരിട്ട് രാജ്യാന്തര വിമാനയാത്രാ സൗകര്യം ഇല്ലാത്തതുകൊണ്ട് ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും നിലവിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്‍റെ ഇരുപത് ശതമാനം സൗകര്യം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നും കെ സുധാകരൻ എം.പി ലോക്സഭയിൽ പറഞ്ഞു.

എമിറേറ്റ്സ്, കുവൈറ്റ് എയർവെയ്സ്, സൗദി എയർലൈൻസ്, ഇത്തിഹാദ്, ഒമാൻ എയർവെയ്സ്, ഗൾഫ് എയർ എന്നീ വിദേശ വിമാന കമ്പനികൾ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തിക്കാൻ തയാറാണെന്ന് അറിയിച്ചിരിക്കുന്ന സ്ഥിതിക്ക് മന്ത്രി മുൻ തീരുമാനത്തിൽ നിന്ന് മാറ്റം വരുത്തി വിദേശ വിമാന കമ്പനികൾക്ക് കണ്ണൂർ എയർപോർട്ടിൽ പ്രവർത്തിക്കാനുള്ള ഉള്ള പോയിന്‍റ് ഓഫ് കോൾ അനുമതി നൽകണമെന്ന് റൂൾ 377 പ്രകാരം കെ. സുധാകരൻ എംപി പാർലമെന്‍റിൽ ആവശ്യപ്പെട്ടു.

https://youtu.be/KEqSpKTLnRQ