കൊച്ചി: കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ സിപിഐ നേതാവ് ഭാസുരാംഗന്‍, മകന്‍ അഖില്‍ജിത്ത് എന്നിവർക്ക് ജാമ്യമില്ല. ഇവരുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് മാസങ്ങളായി കാക്കനാട് ജില്ലാ ജയിലിലാണ് പ്രതികള്‍. സുപ്രീംകോടതി ഉത്തരവുകളടക്കം നിരത്തി പ്രതിഭാഗം വാദിച്ചുവെങ്കിലും കേസിന്‍റെ ഗൗരവം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.
101 കോടി രൂപയുടെ ക്രമക്കേടാണ് തിരുവനന്തപുരം കണ്ടല സഹകരണബാങ്കില്‍ നിന്ന് കണ്ടെത്തിയത്. ബാങ്കില്‍ 2005 മുതല്‍ 2021 ഡിസംബര്‍വരെ നിക്ഷേപത്തില്‍നിന്നു വകമാറ്റിയാണ് 101 കോടി രൂപ ചെലവാക്കിയത്. വലിയ ക്രമക്കേടുകൾ നടത്തി ഭാസുരാംഗന്‍ പണം തട്ടിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരേയും ഇഡി അറസ്റ്റ് ചെയ്തത്.