മല കയറുമെന്ന് കനകദുര്‍ഗയും ബിന്ദുവും; തിരക്ക് കുറവുള്ള ദിവസമെങ്കില്‍ സുരക്ഷ നല്‍കാമെന്ന് പോലീസ്

Jaihind Webdesk
Tuesday, December 25, 2018

Kanaka-Durga-Bindhu

തീർഥാടകരുടെ തിരക്ക് പരിഗണിച്ച് ശബരിമലയിലേക്ക് തൽക്കാലം പോകില്ലെന്ന് ബിന്ദുവും കനകദുർഗയും. പൊലീസുമായി നടത്തിയ ധാരണപ്രകാരമാണ് ഇരുവരും മലകയറ്റം നീട്ടിവെക്കാൻ തീരുമാനിച്ചത്. ഏറെ നാടകീയ രംഗങ്ങൾക്കൊടുവിലാണ് ഇരുവരും ആശുപത്രി വിട്ടത്.

പൊലീസ് നടത്തിയ അനുനയ നീക്കങ്ങൾ വിജയം കണ്ടതോടെയാണ് ശബരിമലയിലേക്ക് തൽക്കാലം പോകുന്നില്ലെന്ന നിലപാട് ബിന്ദുവും കനകദുർഗയും സ്വീകരിച്ചത്. വീണ്ടും ശബരിമലയ്ക്ക് പോകുന്നത് പൊലീസ് നൽകുന്ന തീയതി അനുസരിച്ചായിരിക്കും . ആശുപത്രിയിൽ നിന്ന് നേരെ ശബരിമലയിലേക്ക്  എന്ന നിലപാട്, പൊലീസിൽ വിശ്വസിച്ച് മാറ്റുകയാണെന്ന് ഇരുവരും പറഞ്ഞു.

മകരവിളക്കിന് നട തുറന്നാൽ ഇരുവരെയും സന്നിധാനത്തേക്ക് കൊണ്ടുപോകാം എന്നതാണ്   പോലീസിന്‍റെ ഉറപ്പ്. ശബരിമലയിലെ തിരക്ക് അനുസരിച്ചായിരിക്കും തീയതി തീരുമാനിക്കുക. ആശുപത്രി വിട്ട ഇരുവരും വൻ പൊലീസ്  സന്നാഹത്തിൽ രഹസ്യ കേന്ദ്രങ്ങളിലേക്ക് പോയി.

അതിനിടെ ഏറെ നാടകീയരംഗങ്ങൾക്കും മെഡിക്കൽ കോളേജ് സാക്ഷിയായി. ബിന്ദുവും കനകദുർഗയും പൊലീസ് തടങ്കലിൽ നിരാഹാരത്തിൽ ആണെന്നും ശബരിമലയിലേക്ക് പോകണമെന്ന നിലപാടുതന്നെയാണ് ഇരുവർക്കും ഉള്ളതെന്നും ഒപ്പമുള്ളവർ പറഞ്ഞതാണ് അനിശ്ചിതത്വങ്ങൾക്ക് വഴിതെളിച്ചത്. ബിന്ദുവിനേയും കനക ദുർഗയുടെയും മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചു വെച്ചതും  സുഹൃത്തുക്കളിൽ ആശയക്കുഴപ്പമുണ്ടാക്കി. ബിന്ദുവിനെയും കനക ദുർഗയെയും കോട്ടയത്ത് എത്തിച്ച ദിവസം ആശുപത്രിക്ക് മുന്നിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇനി തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ മകരവിളക്ക് കാലത്ത് ഇവർക്ക് ദർശനം സാധ്യമാകുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.