കല്യാശേരി ആക്രമണം; മുഖ്യമന്ത്രിയെ സാക്ഷിയാക്കി കേസെടുക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Jaihind Webdesk
Friday, November 24, 2023

 

തിരുവനന്തപുരം: സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സാക്ഷിയാക്കി കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന ഒരു ചെറുപ്പക്കാരനെയാണ് കല്യാശേരിയില്‍ കൊല്ലാൻ ശ്രമിച്ചത്. ആക്രമണത്തിൽ ഒരു യുവാവിന് കേൾവി ശക്തി നഷ്ടപ്പെട്ടു. മുഖ്യമന്ത്രി ഇതിന് സാക്ഷിയാണ്. മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും കല്യാശേരി കേസിൽ മുഖ്യമന്ത്രിയെ സാക്ഷിയാക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ നവകേരള സദസിന് മുന്നോടിയായി വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. കണ്ണൂരിൽ യൂത്ത് കോൺ​​ഗ്രസ് ജില്ലാ ഭാരാവാഹികളെ ഉൾപ്പെടെയുള്ള പ്രവർത്തകരെ ഒരു പ്രകോപനവും കൂടാതെ പോലീസ് തടങ്കലിലാക്കി. ഇതില്‍ പ്രതിഷേധിച്ചാണ്  യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരിങ്കൊടി ഉയർത്തിയത്. എന്നാൽ ഡിവൈഎഫ്ഐ ഗുണ്ടകള്‍ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ഇരുമ്പുവടി, ചെടിച്ചട്ടി, ഹെല്‍മറ്റ് തുടങ്ങിയവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഡിവൈഎഫ്ഐ ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു. ഡിവൈഎഫ്ഐയുടേത് ജീവന്‍രക്ഷാ പ്രവർത്തനമായിരുന്നു എന്നും ഇത് തുടരണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് കലാപാഹ്വാനമാണെന്നും മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.