കളമശ്ശേരി പോളി ടെക്‌നിക് കഞ്ചാവ് വേട്ട: മുഖ്യപ്രതി അനുരാജ് അറസ്റ്റില്‍

Jaihind News Bureau
Sunday, March 16, 2025

കളമശ്ശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലിലെ കഞ്ചാവ് കേസില്‍ നിര്‍ണായക അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. പ്രധാന പ്രതിയാണ് പോലീസ് കസ്റ്റഡിയില്‍ ആയത്. മുന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അനുരാജ് ആണ് പിടിയിലായത്. ഇയാള്‍ കൊല്ലം സ്വദേശിയാണ്. ലഹരിക്കേസിലെ പ്രധാന കണ്ണിയായ അനുരാജ് കളമശ്ശേരിയില്‍ നിന്നാണ് പിടിയിലായത്. വിദ്യാര്‍ത്ഥിയുടെ സാമ്പത്തിക ഇടപാടുകളെല്ലാം പോലീസ് പരിശോധിക്കും.

കളമശ്ശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലിലെ ലഹരി വേട്ടയില്‍ പ്രധാന കണ്ണികള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആണെന്നുള്ളത് പോലീസിന് വ്യക്തമായിരുന്നു. ഇന്നലെ പിടിയിലായ വിദ്യാര്‍ത്ഥികളുടെ മൊഴികളില്‍ നിന്നാണ് അനുരാജിലേക്ക് പോലീസ് എത്തുന്നത്. പണമിടപാടുകള്‍ മറ്റും നടത്തുന്നത് അനുരാജ് ആണെന്നായിരുന്നു പിടിയാലായവരുടെ മൊഴി. അതിന്റെ അടിസ്ഥാനത്തില്‍ അനുരാജിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോയിരുന്നത്. റെയ്ഡിന് പിന്നാലെ ഒളിവില്‍ പോയ അനുരാജിനെ ഇന്നലെ നടന്ന രാത്രി കാല പരിശോധനയില്‍ കളമശ്ശേരിയില്‍ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. അനുരാജില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇതോടെ ഈ കേസില്‍ പിടിയിലാകുന്ന ആറാമത്തെ പ്രതിയാണ് അനുരാജ്. ഈ ലഹരി വേട്ടയിലെ പ്രധാന പ്രതിയായ അനുരാജാണ് പണപ്പിരിവും പണമിടപാടുകളും മറ്റും നടത്തിയിരുന്നത് എന്നതിനാല്‍ നിര്‍ണായക വഴിത്തിരിവ് തന്നെയാണ് കേസില്‍ ഉണ്ടായിരിക്കുന്നത്.