കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ തടിയന്‍റവിട നസീർ, സാബിർ ബുഖാരി എന്നിവർക്ക് ഏഴ് വർഷം തടവ് ശിക്ഷ. താജുദ്ദീൻ അഡിഗയ്ക്ക് ആറ് വർഷം തടവും വിധിച്ചു. കൊച്ചി എൻഐഎ കോടതിയുടേതാണ് ഉത്തരവ്. തടിയന്‍റവിട നസീർ, സാബിർ ബുഖാരി എന്നിവർ ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയൊടുക്കണം. താജുദ്ദീന് ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയും പിഴ ശിക്ഷ വിധിച്ചു.
എൻഐഎ ചുമത്തിയ കുറ്റങ്ങൾ സമ്മതിക്കുന്നതായി പ്രതികൾ കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് ഇവർക്കുള്ള ശിക്ഷ വിധിച്ചത്. അബ്ദുല്‍ നാസർ മഅദനിയുടെ ഭാര്യ സൂഫിയ മഅദനി ഉള്‍പ്പെടെ കേസില്‍ 13 പ്രതികളുണ്ട്. ഇതിൽ അഞ്ചാം പ്രതി അനുപ് കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് നേരത്തെ ശിക്ഷ വിധിച്ചിരുന്നു. കുറ്റം സമ്മതിക്കാത്ത പ്രതികളുടെ വിചാരണ ഉടൻ ആരംഭിക്കും.
2005 സെപ്തംബര്‍ 9 നാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ആണ് രാത്രി 9.30ന് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ ജയിലില്‍നിന്നും മോചിപ്പിക്കണമെന്നായിരുന്നു ആവശ്യം. തടിയന്‍റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. 2010 ഡിസംബറിലാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.