കളമശേരി സ്ഫോടനം: മരണം മൂന്നായി; പ്രതി മാർട്ടിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു

Jaihind Webdesk
Monday, October 30, 2023

 

കൊച്ചി: കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്‍ സ്ഥലത്തുണ്ടായ സ്ഫോടനത്തില്‍ മരണം മൂന്നായി. പെരുമ്പാവൂർ കുറുപ്പുംപടി ഇരിങ്ങോൾ വട്ടോളിപ്പടി പരേതനായ പുളിക്കൽ പൗലോസിന്‍റെ ഭാര്യ ലയോണ (55), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ (53), മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്‍റെ മകൾ ലിബിന (12) എന്നിവരാണു മരിച്ചത്. സ്ഫോടനത്തില്‍ 52 പേർക്കു പരിക്കേറ്റു. 90 ശതമാനം പൊള്ളലേറ്റ് എറണാകുള‌ം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ലിബിന പുലർച്ചെ ഒന്നരയോടെ മരണത്തിന് കീഴടങ്ങി. ഇതോടെയാണ് മരണം മൂന്നായത്. നാലു പേരുടെ നില ഗുരുതരം. ചികിത്സയിലുള്ള 29 പേരിൽ 16 പേർ ഐസിയുവിലാണ്.

സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. എഡിജിപി എം.ആർ. അജിത്കുമാറിന്‍റെ നേതൃത്വത്തിൽ 21 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം കൊച്ചി സ്വദേശിയായ ഡൊമിനിക് മാർട്ടിന്‍ എന്നയാള്‍ ഏറ്റെടുത്തിരുന്നു.  ഒറ്റയ്ക്ക് ബോംബുണ്ടാക്കിയെന്ന മാർട്ടിന്‍റെ മൊഴി പൂർണ്ണമായി വിശ്വസിക്കാന്‍ പോലീസ് തയാറായിട്ടില്ല. ഏതെങ്കിലും തീവ്രവാദ സംഘങ്ങൾ മാർട്ടിനെ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന സംശയവും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. കളമശേരി എആർ ക്യാമ്പില്‍ മാർട്ടിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംസ്ഥാന പോലീസ്, എൻഐഎ, എൻഎസ്ജി തുടങ്ങിയ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മാർട്ടിന് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് കൂടുതൽ അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ സർവകക്ഷി യോഗം ചേരുകയാണ്.