കെ വിദ്യ വിഷയം: കെഎസ്‌യു മാർച്ചിന് നേരെ പോലീസ് അതിക്രമം; അലോഷ്യസ് സേവ്യർ ഉള്‍പ്പെടെയുള്ളവർക്ക് മർദ്ദനം; ഫർഹാൻ മുണ്ടേരിക്ക് നട്ടെല്ലിന് ഗുരുതര പരിക്ക്

Jaihind Webdesk
Friday, June 9, 2023

 

കൊച്ചി: സംവരണം അട്ടിമറിച്ച് എസ്എഫ്ഐ നേതാവ് വിദ്യയ്ക്ക് അഡ്മിഷൻ നൽകിയത് മുതലുള്ള സംസ്കൃത സർവകലാശാലയിലെ ഇടതുപക്ഷ ഉദ്യോഗസ്ഥതലത്തിലെ ക്രമക്കേടുകൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സർവകലാശാല മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായി. സംസ്‌കൃത സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവർക്ക് പോലീസ് സ്റ്റേഷനിൽ ക്രൂര മർദ്ദനം. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാലടി കോൺഗ്രസ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് സംസ്കൃത സർവകലാശാലക്ക് മുമ്പിൽ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു.  കെ വിദ്യയ്ക്ക് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് പിഎച്ച്ഡിക്ക് പ്രവേശനം നൽകിയതെന്നും ഇതിൽ എസ്എഫ്ഐ-സിപിഎം നേതൃത്വത്തിനോടൊപ്പം മന്ത്രി പി രാജീവിനും പങ്കുണ്ടെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ആരോപിച്ചു. ഭരണത്തിന്‍റെ തണലിൽ വിദ്യമാർ വിലസുന്നത് നോക്കിനിൽക്കാനാണ് കേരളാ പോലീസിന്‍റെ വിധിയെന്നും കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തെ തകർക്കുന്ന സമീപനമാണ് വ്യാജരേഖകളുടെ നിർമ്മാണത്തിലൂടെ ഉണ്ടാകുന്നതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. കെ വിദ്യ സംസ്കൃത സർവകലാശാലയുടെ ഹോസ്റ്റലിലാണ് ഒളിവിൽ കഴിയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിദ്യ സർവകലാശാല ഹോസ്റ്റലിൽ ഉണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും റോഡ് ഉപരോധിച്ച സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ഉള്‍പ്പെടെയുള്ള പ്രവർത്തകരെ പോലീസ് മർദ്ദിച്ച് അറസ്റ്റ് ചെയ്ത് നീക്കി. മാർച്ചിനിടെ നട്ടെല്ലിന്
ഗുരുതരമായി പരിക്കേറ്റ സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയെ ആശുപത്രിയിലേക്ക് മാറ്റാൻ വൈകിയതും സംസ്ഥാന ജനറല്‍ സെക്രട്ടറി ആനന്ദ് കെ ഉദയനെ പോലീസ് സ്റ്റേഷന് പുറത്തുവെച്ച് മർദ്ദിച്ചതും ശക്തമായ പ്രതിഷേധത്തിന് ഇടവരുത്തി. കെഎസ്‌യു നേതാക്കൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ക്യാമ്പസുകളിലുൾപ്പെടെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന കൺവീനർ തൗഫീക്ക് രാജൻ അറിയിച്ചു.