ബന്ധു നിയമന വിവാദത്തില്‍ അകപ്പെട്ട മന്ത്രി കെ.ടി ജലീല്‍ ഒരു നിമിഷം പോലും മന്ത്രിക്കസേരയില്‍ തുടരാന്‍ യോഗ്യനല്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തിയാണ് ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാത്തയാളെ നിര്‍ബന്ധിച്ച് കൊണ്ടുവന്ന് ന്യൂനപക്ഷവികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചത്.
മന്ത്രി കെ.ടി ജലീല്‍ തന്നെ സ്വന്തം ഫേസ് ബുക്ക് പോസ്റ്റില്‍ തന്‍റെ ബന്ധുവിനെ നിയമിച്ചുവെന്ന് സമ്മതിച്ചതോടുകൂടി മന്ത്രി പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. പത്രങ്ങളില്‍ പരസ്യം നല്‍കാതെ അപേക്ഷ ക്ഷണിക്കുന്നുവെന്ന പ്രസ് റീലീസ് മാത്രമാണ് കൊടുത്തത്. സ്വജനപക്ഷപാതത്തിനുള്ള ഉദ്ദേശം മുന്‍ നിര്‍ത്തിയാണ് ഇത് ചെയ്തതെന്ന് വ്യക്തമാവുകയാണ്.
മന്ത്രിയുടെ പിതൃസഹോദരന്‍റെ കൊച്ചുമകനെയാണ് ഇങ്ങനെ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വന്തം വകുപ്പില്‍ നിയമിച്ചത്. ഇതിനിടയില്‍ സ്ഥാപനത്തിന്‍റെ എം.ഡി തന്നെ ചട്ടങ്ങള്‍ പാലിച്ചല്ല ഇയാളെ നിയമിച്ചതെന്ന് വ്യക്തമാക്കിയതോടുകൂടി കള്ളി വെളിച്ചത്താവുകയും ചെയ്തു. ദുര്‍ബല വാദമുഖങ്ങള്‍ ഉയര്‍ത്തി മന്ത്രിക്ക് ഇനി പിടിച്ചുനില്‍ക്കാനാകില്ല. എത്രയും പെട്ടെന്ന് മന്ത്രി രാജിവെച്ച് ഒഴിയണമെന്നും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു.