സിപിഎം ഗുണ്ടകളുടെ അക്രമത്തിന് കൂട്ടുനില്‍ക്കുന്ന പോലീസ് നടപടി കാടത്തം: കെ സുധാകരന്‍ എംപി

 

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം- ഡിവൈഎഫ് ഐ ഗുണ്ടകള്‍ക്ക് മര്‍ദ്ദിക്കാനും കയ്യേറ്റം ചെയ്യാനും അവസരം സൃഷ്ടിച്ച പോലീസ് നടപടി കാടത്തമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി.

കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗം നടക്കുന്ന ഹാളിന് പുറത്ത് സമാധാനപരമായി പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പ്രകോപനം സൃഷ്ടിച്ച സിപിഎം-ഡിവൈഎഫ് ഐ ഗുണ്ടകളെ പോലീസ് സംരക്ഷിക്കുകയാണ്. ആക്രമണം ചിത്രീകരിച്ച ജയ്ഹിന്ദ് ചാനലിന്‍റെ സംഘത്തേയും സിപിഎം-ഡിവൈഎഫ് ഐ ഗുണ്ടകള്‍ കയ്യേറ്റം ചെയ്തു. ജയ്ഹിന്ദ് ന്യൂസിലെ കണ്ണൂരിലെ ജീവനക്കാരനായ മനേഷ് കൊറ്റാളിയുടെ രണ്ടര പവന്‍റെ മാലയും ഗുണ്ടകള്‍ മോഷ്ടിച്ചു. കൊള്ളസംഘം പെരുമാറുന്നത് പോലെയാണ് സിപിഎം ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടത്. അതിന് തെളിവാണ് മാല മോഷ്ടിച്ച സംഭവം. ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം അഴിച്ചുവിട്ടത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. ജനാധിപത്യബോധവും മര്യാദയും തൊട്ടുതീണ്ടാത്ത സിപിഎം വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമം അഴിച്ചുവിടുകയാണ്. ഇത് തടയാന്‍ ഉത്തരവാദിത്തപ്പെട്ട പോലീസ് ആകട്ടെ കൈയ്യുംകെട്ടി നോക്കി നില്‍ക്കുന്നു.

സിപിഎമ്മിന്‍റെ പോഷക സംഘടനയെപ്പോലെയാണ് സംസ്ഥാനത്തെ പോലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. കടമയും ഉത്തരവാദിത്തവും മറന്ന് സിപിഎം ഗുണ്ടകളുടെ അക്രമത്തിന് കൊടിപിടിക്കാനാണ് പോലീസിന്‍റെ തീരുമാനമെങ്കില്‍ കോണ്‍ഗ്രസ് അത് കൈയ്യും കെട്ടിനോക്കി നില്‍ക്കില്ല. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണം. മറിച്ച് സിപിഎം എഴുതിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ കള്ളക്കേസുണ്ടാക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതികളാക്കാനാണ് ശ്രമമെങ്കില്‍ അത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്. കയ്യൂക്ക് കൊണ്ടും അധികാര മുഷ്ടി പ്രയോഗിച്ചും കോണ്‍ഗ്രസിന്‍റെ വീര്യം കെടുത്താമെന്ന് കരുതുന്നെങ്കില്‍ അത് വ്യാമോഹമാണെന്നും സുധാകരന്‍ പറഞ്ഞു.

Comments (0)
Add Comment