‘പിണറായി ആർഎസ്എസിന്‍റെ വിശ്വസ്ത സേവകന്‍; രാഹുലിന്‍റെ പേര് പറയാനുള്ള യോഗ്യത പോലുമില്ല’: കെ സുധാകരന്‍ എംപി

Jaihind Webdesk
Wednesday, September 28, 2022

 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഇത്രയും കൂറുള്ള മറ്റൊരു സേവകനെ ആർഎസ്എസിന് കിട്ടില്ലെന്ന് കെ സുധാകരന്‍ എംപി പരിഹസിച്ചു. ലാവലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാനായി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എന്തും പറഞ്ഞ് അമിത് ഷായെ പ്രീതിപ്പെടുത്താനാണ് പിണറായിയുടെ ശ്രമം. നെഹ്‌റു കുടുംബത്തിലെ ഒരാളുടെയെങ്കിലും പേര് ഉച്ചരിക്കാനുള്ള യോഗ്യത പോലും പിണറായിയെപ്പോലെ ഒരു ക്രിമിനൽ നേതാവിനില്ലെന്നും കെ സുധാകരന്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു.

കെപിസിസി പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

പാറപ്രത്തെ പഴയ മൂന്നാംകിട ഗുണ്ടയുടെ നിലവാരത്തിൽ നിന്ന് തരിമ്പ് പോലും ഉയരാൻ കഴിയാത്ത പിണറായി വിജയനെ ഓർത്ത് കേരളം സഹതപിക്കുന്നു.

ലാവ്‌ലിൻ കേസ് ഓരോ തവണയും വാർത്തകളിൽ നിറയുമ്പോൾ കോൺഗ്രസ്‌ നേതാക്കളെ പുലഭ്യം പറഞ്ഞ്, അമിത് ഷായെ പ്രീതിപ്പെടുത്തുന്ന മുഖ്യമന്ത്രി, മലയാളികൾക്കൊരു ദയനീയ കാഴ്ചയാണ്. ഇത്രയും കൂറുള്ള മറ്റൊരു സേവകനെ ഇന്ത്യയിലെ RSS നേതൃത്വത്തിന് ഇന്നുവരെ കിട്ടിയിട്ടുണ്ടാകില്ല!

വെറുതെയൊന്ന് ഭീഷണിപ്പെടുത്തിയാൽ ഉത്തരേന്ത്യ മുതൽ കന്യാകുമാരി വരെ നിർത്താതെ ഓടുന്ന, ഒരു കേസ് ഡയറി ഉയർത്തി കാണിച്ചാൽ സമനില തെറ്റിയ പോലെ RSS ന്റെ ശത്രുക്കൾക്കെതിരെ എന്തും വിളിച്ചു കൂവുന്ന മറ്റൊരു അടിമ രാഷ്ട്രീയക്കാരൻ ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.

ഈ നാട്ടിലെ സാധാരണക്കാരോട് സംവദിച്ച്, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി രാഹുൽ ഗാന്ധി എന്ന ജനനായകൻ നടന്നു നീങ്ങുകയാണ്. അതിൽ വിറളി പൂണ്ട ബിജെപി ദേശീയ നേതൃത്വം, തങ്ങളുടെ ഏറ്റവും വിശ്വസ്ത ഭൃത്യനെ കളത്തിലിറക്കിയാണ് രാഹുലിനെ പുലഭ്യം പറയുന്നത്.

കോൺഗ്രസിന്റെ ദേശീയ നേതാക്കൾ മറുപടി പറയാൻ മാത്രമുള്ള പ്രാധാന്യമൊന്നും താങ്കൾക്കില്ല പിണറായി വിജയൻ. നെഹ്‌റു കുടുംബത്തിലെ ഒരാളുടെയെങ്കിലും പേര് ഉച്ചരിക്കാനുള്ള യോഗ്യത പോലും താങ്കളെപ്പോലൊരു ക്രിമിനൽ നേതാവിനില്ല.

സ്വന്തം പാർട്ടി ഓഫീസുകൾക്ക് മീതെ, രാഹുലിനെ ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന ജനങ്ങളാണ് താങ്കൾക്കുള്ള മറുപടി.

 

May be an image of one or more people, people standing and road