കൊറോണ പ്രതിരോധം കണ്ണൂരിൽ സി പി എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായി കെ.സുധാകരൻ എംപി. കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ജനപ്രതിനിധികളെ വിളിക്കുന്നില്ല. എം വി ജയരാജന് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ ഫോൺ നമ്പർ കിട്ടിയ സംഭവത്തിൽ കേസ്സെടുത്ത് അന്വേഷിക്കണമെന്ന് കെ.സുധാകരൻ എംപിയും കെ എം ഷാജി എംഎൽഎയും കണ്ണൂരിൽ പറഞ്ഞു.
കണ്ണൂരിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് കെ.സുധാകരൻ എംപിയും, കെ എം ഷാജി എംഎൽഎയും സംസ്ഥാന സർക്കാരിനും, ജില്ലാ ഭരണകൂടത്തിനും എതിരെ രൂക്ഷ വിമർശനം നടത്തിയത്. കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എം.പിയെയോ യു.ഡി.എഫ് എം.എൽ.എമാരെയോ ജില്ലാ ഭരണകൂടം പങ്കെടുപ്പിക്കുന്നില്ല. കൊറോണ ദുരിതാശ്വാസത്തിൻ്റെ പേരിൽ ഇടത്പക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായി കെ.സുധാകരൻ എം.പി പറഞ്ഞു. ഡി.വൈ.എഫ്.ഐ കൊടികുത്തി കമ്മ്യൂണിറ്റി കിച്ചൻ നടത്തുന്നു. സർക്കാർ സൗജന്യങ്ങൾ പാർട്ടിയുടെതാക്കുന്നതായും കെ.സുധാകരൻ കുറ്റപ്പെടുത്തി.
ജില്ലയിൽ കൊവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ ഫോൺ നമ്പർ എം വിജയരാജന്എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്തണം, നിരീക്ഷണത്തിൽ ഉള്ളവരെ എം വി ജയരാജൻ ഫോൺ വിളിച്ച സംഭവം കുറ്റകരമായ നടപടിയാണെന്നും ഇക്കാര്യത്തിൽ കേസ്സെടുക്കണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.
സാലറി ചലഞ്ചിന്റെ പേരിൽ സംസ്ഥാന സർക്കാർ ജീവനക്കാരെ’ തോമസ് ഐസക് ഭീഷണിപ്പെടുത്തുന്നു. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി ശമ്പളം പിടിച്ചെടുക്കാൻ സാധിക്കില്ല, ഇത് കേരളമാണെന്ന് ധനമന്ത്രി ഓർക്കണമെന്നും കെ.സുധാകരൻ പറഞ്ഞു.മാനസികാരോഗ്യമുള്ള ആളുകൾ പ്രധാനമന്ത്രിയെപ്പോലെ പറയില്ല.പാത്രം മുട്ടിയാൽ കൊറോണ ഓടുമോയെന്നും കെ.സുധാകരൻ ചോദിച്ചു.
കൊറോണ കാലത്ത് ഭരണരംഗത്ത് അസ്ഥിരതയുണ്ടാക്കാനാണ് എൽഡിഎഫ് കണ്ണൂർ കോർപറേഷനിൽ ശ്രമിക്കുന്നതെന്നും കെ.സുധാകരൻ കുറ്റപ്പെടുത്തി.
മോദിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗുരു. അത് കൊണ്ടാണ് പ്രധാനമന്ത്രിയുടെ വാക്കുകളെ മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രി രാഷ്ട്രീയം പറയരുതെന്ന് പറയുന്നത് രാഷ്ട്രീയ തന്ത്രമാണെന്ന് കെ എം ഷാജി എംഎൽഎ പറഞ്ഞു. കോവിഡ്നിരീക്ഷണത്തിലുള്ള വരുടെ നമ്പർ ചോർന്നത് അന്വേഷിക്കണമെന്നും കെ എംഷാജി എംഎൽഎ ആവശ്യപ്പെട്ടു.