കേരളം പ്രളയക്കെടുതിയിൽ വലയുമ്പോൾ ജര്‍മനിയിലേക്ക് യാത്ര പോയ വനംമന്ത്രി നടപടി വിവാദമായതിനെ തുടര്‍ന്ന് ജര്‍മനിയിലെ പരിപാടികള്‍ റദ്ദാക്കി തിരിച്ചെത്തുന്നു. ജയ്ഹിന്ദാണ് മന്ത്രിയുടെ വിദേശപര്യടനത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പ്രളയക്കെടുതിയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന, കൊല്ലം, കോട്ടയം ജില്ലകളുടെ ചുമതലയുള്ളയാളാണ് പുനലൂർ എം.എൽ.എ കൂടിയായ വനം മന്ത്രി കെ രാജു. കേരളം പ്രളയക്കെടുതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് മന്ത്രി ജർമനിയിലെ മലയാളി സമാജം സംഘടിപ്പിച്ച സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ വിമാനം കയറിയത്. സംഗതി ഉറപ്പാക്കാൻ മന്ത്രിയുടെ മണ്ഡലത്തിലെ CPI നേതാക്കളെ വിളിച്ചപ്പോൾ ആദ്യം നിഷേധിച്ചു. ഒടുവിൽ സമ്മതിച്ചു.
മന്ത്രിയുടെ ഓഫീസിൽ ബസപ്പെട്ടാൽ മന്ത്രി സ്ഥലത്തുണ്ടെന്നായിരുന്നു മറുപടി. പ്രളയക്കെടുതി മൂലം മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കുള്ള യാത്ര പോലും മാറ്റിവെച്ചപ്പോഴാണ് വനം മന്ത്രിയുടെ ഈ വിദേശയാത്ര. പാർട്ടിയുടെ അനുമതി വാങ്ങിയല്ല മന്ത്രി മഴക്കെടുതിക്കിടെ യാത്ര നടത്തിയതെന്നും സൂചനയുണ്ട്.
ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളുമെല്ലാം ഒത്തുചേർന്ന് ദുരിതമുഖത്ത് ഒന്നിച്ച് ഒറ്റമനസായി ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് ഇതിന് മുന്നിൽ നിൽക്കേണ്ട മന്ത്രി വിദേശത്ത് ആഘോഷങ്ങളുമായി പറന്നു നടക്കാന്‍ പോയത്. ഇതിൽ മുന്നണിയിലും സി.പി.ഐയിലും മന്ത്രിക്കെതിരെ വിമർശനമുയരുന്നുണ്ട്. അനവസരത്തിലുള്ള മന്ത്രിയുടെ വിദേശയാത്രക്കെതിരെ മണ്ഡലത്തിലും പ്രതിഷേധം ശക്തമായിരുന്നു.