#കേരളത്തെ_കൊന്ന_7വർഷങ്ങൾ; പിണറായി സര്‍ക്കാര്‍ “യൂടേണ്‍” എടുത്ത പദ്ധതികള്‍ എണ്ണി പറഞ്ഞ് കെ മുരളീധരന്‍ എംപി; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

Jaihind Webdesk
Sunday, June 18, 2023

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാര്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടങ്ങിയില്‍ യൂടേണ്‍ എടുത്ത പ്രഖ്യാപനങ്ങളുടെയും പരിപാടികളും  എണ്ണി പറഞ്ഞ് കെ മുരളീധരന്‍ എംപി. കെ റെയില്‍, സ്പ്രിങ്കളര്‍, പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം ഉയർത്തല്‍ , പോലീസ് ആക്ട് , ആഴക്കടല്‍ മത്സ്യ ബന്ധനം, സ്വാശ്രയ കോളേജ്, മദ്യ ഷാപ്പുകള്‍, വഖഫ് ബോര്‍ഡ് , കോവിഡ് ക്വാറന്‍റൈന്‍, ബെവ്കോ ആപ്പ് , ലോകായുക്ത, ശബരിമല , ലോക ബാങ്ക് , ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം തുടങ്ങി യു ടേണെടുത്ത പതിനാലോളം പദ്ധതികളുടെ പട്ടികയാണ് കെ മുരളീധരന്‍ പുറത്തിറക്കിയിരിക്കുന്നത്.

ശാസ്ത്രീയമായി എങ്ങനെ യു ടേൺ നടത്താം എന്നതിലെ ‘ലോകത്തിന്‍റെ K പുരസ്‌കാരം’ പിണറായി സർക്കാരിന് മാത്രം അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പരിഹസിച്ചു. ഒരു പരാജിത ഭരണാധികാരി കഴിഞ്ഞ 7 വർഷങ്ങളിൽ എടുത്ത
യു ടേൺ കൊണ്ട് ഈ നാടിന് നഷ്ടം കോടിക്കണക്കിനു രൂപയാണെന്നും കെ മുരളീധരന്‍ എംപി ഫേസ്ബുക്കിലെ കുറിച്ചു.
ഫേസ്ബുക്കില്‍ ട്രെന്‍ഡിങ്ങിലായ പോസ്റ്റ് എല്ലാ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഷെയര്‍ ചെയ്തിട്ടുണ്ട്. കേരളത്തെ_കൊന്ന_7വർഷങ്ങൾ എന്ന പേരിലാണ് ഹാഷ്ടാഗ് വൈറലാവുന്നത് ( #കേരളത്തെ_കൊന്ന_7വർഷങ്ങൾ ).

ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

കഴിഞ്ഞ 7 വർഷങ്ങളിൽ പിണറായി വിജയൻ ലോകത്തെ അമ്പരപ്പിച്ചത് ഒരേയൊരു കാര്യത്തിലാണ്.
യു ടേണുകളിൽ ഇട്ട റെക്കോർഡിന്റെ പേരിൽ ! ശാസ്ത്രീയമായി എങ്ങനെ യു ടേൺ നടത്താം എന്നതിലെ ‘ലോകത്തിന്റെ K പുരസ്‌കാരം’ അദ്ദേഹത്തിന്റെ സർക്കാരിന് മാത്രം അവകാശപ്പെട്ടതാണ്.
പാവം പാർട്ടി പ്രവർത്തകരെ കൊണ്ട് നിർബന്ധിച്ചു കയ്യടിപ്പിച്ച “കെ റെയിൽ വരും കേട്ടോ…” എന്ന പിണറായിയുടെ പ്രഖ്യാപനം, ഇന്ന് കേരളത്തിലെ കുട്ടികളെ പോലും ചിരിപ്പിക്കുന്ന വലിയ തമാശയാണ്. തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ ആദ്യ ദിനം നടത്തിയ ആ പ്രഖ്യാപനം, തൃക്കാക്കരയിൽ വച്ചു തന്നെ യു ടേൺ അടിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം ഉയർത്തും എന്ന സർക്കാർ പ്രഖ്യാപന വണ്ടിയുടെ ഡോർ തുറന്ന് യു ടേൺ അടിപ്പിച്ചത് എംവി ഗോവിന്ദൻ മാഷ് ആയിരുന്നു.
രാജ് ഭവനിൽ നടന്ന യു ടേണുകളുടെ എണ്ണം എടുക്കാതിരിക്കുന്നതാണ് നല്ലത്. ഗവർണ്ണറെ വിഴുങ്ങും എന്ന് പ്രഖ്യാപിച്ചു പുറപ്പെടുന്ന എല്ലാ വണ്ടികളും രാജ് ഭവൻ മുറ്റത്ത് വച്ചു യു ടേൺ അടിച്ചു തിരിച്ചു വരികയാണ് പതിവ്. രാജ് ഭവന്റെ മുറ്റത്തും പരിസരത്തും സ്ഥലം ഏറെയുള്ളതുകൊണ്ട് യു ടേൺ പ്രയാസമുള്ള കാര്യം അല്ല!
പിണറായി വിജയൻ തിരിഞ്ഞോടാൻ ബാക്കിയുണ്ടായിരുന്ന ഏക മേഖലയായിരുന്നു ഡിജിറ്റൽ രംഗം. സ്പ്രിങ്ക്ളർ ഇല്ലെങ്കിൽ കേരളത്തിനു കോവിഡ് ഭീഷണി നേരിടാൻ കഴിയില്ല എന്ന് പറഞ്ഞ സർക്കാർ, പദ്ധതി വിവാദം ആവുകയും കോടതി ഇടപെടുകയും ചെയ്തത്തോടെ ഡിജിറ്റൽ ടേൺ അടിച്ചു ഡിലീറ്റ് ചെയ്തു രക്ഷപെട്ടു.
കേരളത്തിലെ പതിനാല് ജില്ലകളിലും യു ടേൺ അടിച്ചു ബോറടിച്ച മുഖ്യമന്ത്രി, നേരെ പോയത് വിദേശത്തേക്കാണ്. ആഗോള സാമ്പത്തിക ഏജൻസികൾക്കും ലോക ബാങ്കിനും എതിരായി സിപിഎം നയിച്ച ആക്രമ സമരത്തിൽ ഒട്ടേറെ സഖാക്കളുടെ ചോര ചിന്തിയിട്ടുണ്ട്.
ആ ചോരക്ക് വെള്ളത്തിന്റെ വില പോലും നൽകാതെയാണ് ലണ്ടനിലും, അമേരിക്കയിലും പോയി വിവിധ പാശ്ചാത്യ സാമ്പത്തിക സ്ഥാപനങ്ങളുമായി കരാർ ഉണ്ടാക്കി യു ടേൺ അടിച്ചത്.
തീർന്നില്ല…ഒരു പരാജിത ഭരണാധികാരി കഴിഞ്ഞ 7 വർഷങ്ങളിൽ എടുത്ത
യു ടേൺ കൊണ്ട് ഈ നാടിന് നഷ്ടം കോടിക്കണക്കിനു രൂപയാണ്.
കേരളത്തെ കൊന്നു തള്ളിയ 7 വർഷങ്ങളിൽ പിണറായി വിജയൻ സർക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധം പ്രതിപക്ഷം രേഖപ്പെടുത്തുന്നു.
#കേരളത്തെ_കൊന്ന_7വർഷങ്ങൾ