പ്രവാസികളോടുള്ള സർക്കാർ വിവേചനം; യൂത്ത് കോൺഗ്രസിന്‍റെ ജസ്റ്റിസ് മാർച്ച് ഇന്ന്

പ്രവാസികളോടുള്ള സംസ്ഥാന സർക്കാരിന്‍റെ ക്രൂരവിവേചനത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജസ്റ്റിസ് മാർച്ച്‌ ഇന്ന് ആരംഭിക്കും. കരിപ്പൂർ വിമാനത്താവളം മുതൽ കോഴിക്കോട് വരെ 27 കിലോമീറ്റർ കാൽനടയായ് സഞ്ചരിക്കുന്ന ജസ്റ്റിസ് മാർച്ച് രാവിലെ എട്ട് മണിയോടെ എയർപോർട്ട് പരിസരത്ത് കെ.മുരളീധരൻ എംപി ഫ്ലാഗ് ഓഫ് ചെയ്യും. കോഴിക്കോട്ടെ സമാപന സമ്മേളനം കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.

വിദേശ രാജ്യങ്ങളിൽ മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് മതിയായ ധനസഹായം നൽകുക, മുഴുവൻ പ്രവാസികൾക്കും തിരിച്ച് വരാനുള്ള വിമാന സർവ്വീസ് ഏർപ്പെടുത്തുക, മടങ്ങി വരുന്ന പ്രവാസികൾക്ക് മതിയായ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക. പ്രവാസികളോടുള്ള സർക്കാറിന്‍റെ ക്രൂരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ്സ് ലോംഗ് മാർച്ച്‌ നടത്തുന്നത്.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ അഖിലേന്ത്യാ സെക്രട്ടറി രമ്യാ ഹരിദാസ് എംപിയും, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ കെ.എസ് ശബരീനാഥൻ എം.എൽ.എ.യും, റിയാസ് മുക്കോളിയും, റിജിൽ മാക്കുറ്റിയും തുടങ്ങി മലപ്പുറം-കോഴിക്കോട് ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികളും മാർച്ചിൽ അണിനിരക്കും. ഇരുപത്തി ഏഴു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു അഞ്ചു മണിയോടെ കോഴിക്കോടാണ് മാർച്ച്‌ സമാപിക്കുക. ഒരേ സമയം 20 ആളിൽ കൂടുതൽ മാർച്ചിൽ ഉണ്ടാവില്ലെന്നും, കൊവിഡ് നിയന്ത്രണങ്ങൾ, സാമൂഹ്യ അകലം എന്നിവ പാലിച്ചുകൊണ്ടാണ് മാർച്ച്‌ നടക്കുകയെന്നും ഭാരവാഹികൾ അറിയിച്ചു.

Comments (0)
Add Comment