ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; ഗൊഗോയിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ജസ്റ്റിസ് കുര്യൻ ജോസഫും

ന്യൂഡല്‍ഹി:  സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്തതിനെ വിമർശിച്ച്  ജസ്റ്റിസ് കുര്യൻ ജോസഫ്. ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട ഗൊഗോയ് സ്ഥാനാർത്ഥിയാകുന്നത് ആശ്ചര്യകരമെന്നും അദ്ദേഹം തുറന്നടിച്ചു. ഗൊഗോയിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ജസ്റ്റിസ് മദൻ ബി ലോക്കൂറും നേരത്തെ രംഗത്തെത്തിയിരുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും വിശ്വാസ്യതയും ചോദ്യം ചെയ്യുന്നതാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ഇത് സംബന്ധിച്ച് ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. 2018 ഒക്ടോബറിൽ ജസ്റ്റിസ് ദീപക് മിശ്രയുടെ പിൻഗാമിയായാണ് ചീഫ് ജസ്റ്റിസായി ഗൊഗോയ് ചുമതലയേൽക്കുന്നത്. അയോധ്യ, ശബരിമല കേസുകളിൽ വിധി പ്രസ്താവം പുറപ്പെടുവിച്ചതിന് ശേഷമാണ് അദ്ദേഹം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. 2019 നവംബർ 17 നാണ് അദ്ദേഹം വിരമിച്ചത്.

നാമനിർദേശം ചെയ്യപ്പെട്ട രാജ്യസഭാംഗം കെ.ടി.എസ്. തുളസി വിരമിച്ച ഒഴിവിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഗൊഗോയിയെ നാമനിർദേശം ചെയ്തതെന്ന് ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ നവംബറിൽ ബാബരി ഭൂമി തർക്കകേസിൽ വിധിപറഞ്ഞത് ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ്.

 

Comments (0)
Add Comment