ഹേമ കമ്മീഷൻ റിപ്പോർട്ട്: സർക്കാരിന് തിരിച്ചടി, റിപ്പോർട്ട് സ്റ്റേ ചെയ്ത് ഹൈക്കോടതി

Jaihind Webdesk
Wednesday, July 24, 2024

 

എറണാകുളം: ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടുന്നതിൽ സർക്കാരിന് തിരിച്ചടി. റിപ്പോർട്ടിന് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോർട്ടാണെന്നും ആളുകളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ലെങ്കിലും ഇത് പലരിലേക്കും വിരൽചൂണ്ടുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് കോടതി സ്റ്റേ ചെയ്തത്. ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിലിന്‍റെ ഹർജിയിലാണ് ഒരാഴ്ച്ചത്തേക്ക് താൽക്കാലികമായി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്.

”മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളത്. ഇതിൽ തുടർ നടപടികളാണ് പ്രധാനം. ജസ്റ്റിസ് ഹേമ തന്നെ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നു സർക്കാരിനെ അറിയിച്ചിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട്‌ ഒരു വിവരശേഖരണം മാത്രമാണ്. റിപ്പോർട്ട്‌ പുറത്ത് വിടുന്നതിൽ ഒരു പൊതു താല്പര്യവുമില്ല. വിവരാവകാശം നിയമം വഴി റിപ്പോർട്ട്‌ ആവശ്യപ്പെട്ടവർ ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയവരല്ല”. റിപ്പോർട്ട്‌ പുറത്ത് വിടുന്നത് നിയമവിരുദ്ധമാണെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിൽ പ്രതിസ്ഥാനത്ത് വന്നവരെ കേട്ടിട്ടില്ലെന്നും ഹർജിക്കാരൻ കോടതിയിൽ വാദിക്കുന്നു.

ഏറെ വിവാദങ്ങൾക്കും നിരന്തര സമ്മർദ്ദങ്ങൾക്കും ഒടുവിൽ റിപ്പോർട്ട് ഇന്ന് പുറത്തുവരാനിരിക്കെയാണ് ഹൈക്കോടതിയിൽ ഹര്‍ജി എത്തിയിരിക്കുന്നത്. വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ ഇന്ന് മാധ്യമങ്ങൾക്ക് റിപ്പോർട്ട് കൈമാറാൻ നിൽക്കെയാണ് ഹർജി. വ്യക്തികളെ തിരിച്ചറിയുന്നതും, സ്വകാര്യത ലംഘിക്കുന്നതുമായ ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷണർ സർക്കാരിന് നൽകിയ നിർദ്ദേശം. ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കണം എന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.